Advertisement

ചൂട് കൂടുന്നു, പാമ്പ് ശല്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 24, 2019
Google News 0 minutes Read
snake

സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന് പിന്നാലെ വര്‍ദ്ധിച്ചിരിക്കുന്നത്. പ്രശസ്ത പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷ് ഇത് സംബന്ധിച്ച് നല്‍കുന്ന വിവരങ്ങള്‍ ഇവയാണ്.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂര്‍ഖന്‍ പാമ്പുകള്‍ ഇണ ചേരുന്ന സമയം. ഈ സമയത്ത് പാമ്പുകള്‍ വ്യാപകമായി ജനവാസമേഖലകളിലേക്ക് എത്തുന്നതായി കാണാറുണ്ട്. ഫെബ്രുവരി മാസത്തിലാണ് അണലി മുട്ടയിടുന്നത്. തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളിലേക്കാണ് ഇവ മുട്ടയിടാനായി എത്തുക. ഇക്കാരണത്താലാണ് ഈ മാസങ്ങളില്‍ ജനവാസ മേഖലകളില്‍ പാമ്പ് ശല്യം രൂക്ഷമാകുന്നതെന്നും വാവ സുരേഷ് പറയുന്നു.

ചൂട് കൂടുതലായതിനാല്‍ ചപ്പ് ചവറുകള്‍ കൂടിക്കിടക്കുന്ന സ്ഥലത്താണ് ഇവ തണുപ്പ് തേടി എത്തുന്നത്. ഇക്കാരണത്താല്‍ ഒരു കാരണവശാലും ചപ്പുചവറുകള്‍ വീട്ടിന് സമീപം കൂട്ടിയിടാന്‍ പാടില്ല. വെള്ളം തേടിയാണ് ഇവ അടുക്കള ഭാഗം പോലെ നനവുള്ള പ്രദേശത്തേക്ക് എത്തുന്നത്. വെള്ളം ഉള്ള ഭാഗങ്ങളിലാണ് ഇവ കൂടുതലായി എത്തുന്നതും. വീടിന്റെ പരിസരം വൃത്തിയാക്കി ഇടുന്നതാണ് ഏറ്റവും പ്രധാനം. തണുപ്പ് കിട്ടുന്ന ഒന്നും വീടിന് സമീപത്ത് കൂട്ടി വയ്ക്കരുത്. രാത്രിയില്‍ വരാന്തയില്‍ വച്ചിരിക്കുന്ന ഷൂ പോലുള്ളവ എടുത്ത് ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

രാത്രി വീട്ടില്‍ ഇരുട്ടത്ത് നടക്കുമ്പോള്‍ ഉറച്ച കാലടികളോടെ വേണം നടക്കാന്‍. ശബ്ദം കേട്ടാല്‍ പാമ്പുകള്‍ അവിടെ നിന്ന് മാറിപ്പോകും. കുറ്റിക്കാടുകള്‍, പുല്ലുകള്‍ വളര്‍ന്ന് നില്‍ക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ഒരിക്കലും വണ്ടി പാര്‍ക്ക് ചെയ്യരുത്. ഇരു ചക്രവാഹനങ്ങള്‍ പ്രത്യേകിച്ച്. ഹെല്‍മറ്റും, ബൈക്കും, ജാക്കറ്റുമെല്ലാം നന്നായി പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.

മൂന്നാഴ്ച ഇടവിട്ട് രാത്രി വീടിന് ചുറ്റും പെട്രോളോ, ഡീസലോ, മണ്ണെണ്ണയോ വെള്ളവുമായി കലര്‍ത്തി സ്പ്രേ ചെയ്യുന്നത് നല്ലതാണെന്നാണ് പാമ്പുകളില്‍ നിന്ന് രക്ഷനേടാന്‍ വാവ സുരേഷ് മുന്നോട്ട് വയ്ക്കുന്ന മാര്‍ഗ്ഗം.

വാതിലിന് അടുത്തും വരാന്തയിലും വീടില്‍ നിന്ന് മാറിയുള്ള ബാത്ത റൂമിന് സമീപത്തുമൊക്കെയാണ് ഇവ സ്പ്രേ ചെയ്യേണ്ടത്. തൊണ്ണൂറ് ശതമാനം വെള്ളത്തിലാണ് ഇത് മിക്സ് ചെയ്യേണ്ടത്. ഭക്ഷണം തേടി വരുന്ന പാമ്പുകള്‍ ഇരയെ കണ്ടെത്തുന്നത് നാവുകൊണ്ടാണ്. ഇത്തരത്തില്‍ ഈ മിശ്രിതത്തില്‍ നാവ് തട്ടിയാല്‍ പാമ്പ് ഇവിടെ നിന്ന് പെട്ടെന്ന് പോകുമെന്നും വാവ സുരേഷ് പറയുന്നു. ഒരു പരിധി വരെ പാമ്പുകളെ മാറ്റി നിര്‍ത്താന്‍ ഇത് സഹായകമാവും. .

പാമ്പ് കടിയേറ്റാല്‍
പാമ്പ് കടിയേറ്റ ആളെ ഒരിക്കലും ഭയപ്പെടുത്തത്. അതാണ് ഏറ്റവും ആദ്യം വേണ്ടത്. പലപ്പോഴും നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് പാമ്പ് കടിച്ചയാളുടെ കാലിന് മുകളില്‍ കയറുപോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് മുറുക്കി കെട്ടുന്നത്. ഇത് ഒരിക്കലും ചെയ്യരുത്.

രക്തയോട്ടം തടസ്സപ്പെടും വിധം കയര്‍ ഉപയോഗിച്ച് മുറിവിന് മുകളില്‍ കെട്ടരുത്. അതിന് പകരം തുണി ഉപയോഗിച്ച് കെട്ടുകയാണ് വേണ്ടത്. രണ്ടോ മൂന്നോ വിരലിന്റെ വീതിയില്‍ തുണി മടക്കി മുറിവിന് ഏകദേശം എട്ടോ ഒമ്പതോ ഇഞ്ച് മുകളിലായി കെട്ടുകയാണ് വേണ്ടത്. ഇതുപോലെ ഒരു കെട്ട് കൂടി ആദ്യത്തെ കെട്ടിന് മുകളില്‍ കെട്ടണം. അതിന് ശേഷം എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം.

ഇനി കയ്യിലാണ് കെട്ടുന്നതെങ്കില്‍ കടിയേറ്റ ഭാഗം നെഞ്ചോട് ചേര്‍ത്ത് വയ്ക്കുകയാണ് വേണ്ടത്. കടി കാലിനാണ് ഏറ്റതെങ്കില്‍ ഒരിക്കലും കാല് തൂക്കിയിടരുത്, കിടത്തുകയും ചെയ്യരുത്. മറിച്ച് കസേരയില്‍ ഇരുത്തി കാല് ഉയര്‍ത്തി നീട്ടി വച്ചാണ് ആശുപത്രിയില്‍ എത്തിക്കേണ്ടത്. നടക്കാനും സമ്മതിക്കരുത്.

ഇന്ത്യയില്‍ ഏത് തരം പാമ്പ് കടിച്ചാലും ഒരു മരുന്നേയുള്ളൂ, അത് അന്റി വെനമാണെന്ന് വാവ സുരേഷ് പറയുന്നു. ഏത് പാമ്പ് കടിച്ചാലും ആശുപത്രിയില്‍ ഇതേ മരുന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. പാമ്പ് ഏതാണ് കടിച്ചതെന്ന് അറിഞ്ഞില്ലെന്ന തരത്തില്‍ ടെന്‍ഷന്‍ വേണ്ട.   ആശുപത്രിയില്‍ ചെല്ലുമ്പോള്‍ നടത്തുന്ന ആദ്യത്തെ രക്ത പരിശോധനയില്‍ തന്നെ കടിച്ചത് വിഷം ഉള്ള പാമ്പാണോ വിഷം ഇല്ലാത്ത പാമ്പാണോ എന്ന് അറിയാന്‍ പറ്റും. അത് കൊണ്ട് അത്തരത്തില്‍ ടെന്‍ഷന്‍ അടിക്കാതെ വേഗം പാമ്പ് കടിയേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here