സച്ചിന് വേണ്ടത് രണ്ട് പോയിന്‍റ് ,എനിക്ക് ലോകകപ്പും; പുല്‍വാമ ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി ഗാംഗുലി

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏകദിന ലോകകപ്പിലെ പാക്കിസ്താനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണോ? എന്ന വിഷയത്തില്‍ രണ്ടുപക്ഷത്തായിരുന്നു മുൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും. ഇന്ത്യ മൽസരത്തിൽനിന്നു പിൻമാറണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടപ്പോൾ, പിൻമാറരുതെന്നായിരുന്നു സച്ചിന്റെ നിർദ്ദേശം. ഗാംഗുലിക്കൊപ്പം ഹർഭജൻ സിങ്, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയവരും ഇന്ത്യ പാക്കിസ്ഥാനോടു കളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ, സച്ചിന്റെ സമാന നിലപാടാണ് സുനിൽ ഗാവസ്കർ പങ്കുവച്ചത്.
ഇക്കാര്യത്തിലുള്ള അഭിപ്രായ ഭിന്നത പരസ്യമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി. കൊൽക്കത്തയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സച്ചിനുമായുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് ഗാംഗുലി പ്രതികരിച്ചത്.
‘സച്ചിന് രണ്ടു പോയിന്റാണ് ആവശ്യം. എനിക്കു വേണ്ടത് ലോകകപ്പും’ – ഇതായിരുന്നു ഗാംഗുലിയുടെ പ്രതികരണം. പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്ന് ഗാംഗുലിയുടെ അഭിപ്രായം തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള തയാറെടുപ്പാണെന്ന മുന്‍ പാക്കിസ്ഥാൻ താരം ജാവേദ് മിയാൻദാദിന്റെ അഭിപ്രായത്തെ ഗാംഗുലി ചിരിച്ചുതള്ളി. പാക്കിസ്ഥാനെതിരായ കളിയുടെ കാര്യത്തിൽ സർക്കാരും ബിസിസിഐയും തീരുമാനിക്കുന്നതിന് അനുസരിച്ച് വേണ്ടതു ചെയ്യുമെന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ അഭിപ്രായത്തെ ഗാംഗുലി പിന്തുണച്ചു.
Read More: പുൽവാമ ആക്രമണം; ഇന്ത്യയ്ക്കും പാക്കിസ്താനും ഇടയിൽ അപകടകരമായ സാഹചര്യമെന്ന് ട്രംപ്
‘ഇക്കാര്യത്തിൽ സർക്കാരും ബിസിസിഐയും പറയുന്നത് അനുസരിക്കുക എന്നതു മാത്രമാണ് കോഹ‍്‌ലിക്കു ചെയ്യാനുള്ളത്. ടീമിന്റെ കളിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കോഹ്‍ലിയുടെ നിയന്ത്രണത്തിലായിരിക്കും. എന്നാൽ, പാക്കിസ്ഥാനെതിരെ കളിക്കണമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം അംഗീകരിക്കുകയാകും കോഹ്‍ലി ചെയ്യുക.’ – ഗാംഗുലി പറഞ്ഞു.
‘മിയാൻദാദിന്റെ അഭിപ്രായത്തെക്കുറിച്ച് ഒന്നും പറയാനില്ല. കളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ബാറ്റിങ് ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മിയാൻദാദ്’ – ഗാംഗുലി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here