പറന്ന് പിണറായി; ഇന്നത്തെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് മാത്രം ചെലവ് ലക്ഷങ്ങള്‍

വെള്ളാപ്പള്ളിക്ക് പ്രത്യുപകാരം ചെയ്ത് തിരുവനന്തപുരത്തേക്കും തിരികെ ആലപ്പുഴക്കും മുഖ്യമന്ത്രി പറക്കുന്നത് ഹെലികോപ്ടറിൽ . തിരുവനന്തപുരത്ത് സ്റ്റുഡൻറ്സ് പാർലമെൻറ് സമാപന ചടങ്ങിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി അതേ ഹെലികോപ്ടറിൽ തിരികെ ആലപ്പുഴക്ക് പറക്കും.

Read Also: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചു

ശബരിമല വിഷയത്തിൽ ഒപ്പം നിന്നതിന് വെള്ളാപ്പള്ളി നടേശനുള്ള സർക്കാർ ഉപഹാരമാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ടൂറിസം പിൽഗ്രിം സെന്ററെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. മൂന്നരക്കോടി രൂപയ്ക്കാണ് നിർമാണം. ക്ഷേത്രത്തിലെ പരിപാടിയായതിനാൽ സമയവും കാലവും നോക്കിയാണ് ക്ഷേത്ര ഭാരവാഹികൾ ഒമ്പതു മണി തെരഞ്ഞെടുത്തത്. നിർമാണോദ്ഘാടനവും നിർവഹിച്ച് കെഎസ്ഡിപിയിലെ പരിപാടിയും കഴിഞ്ഞ് മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തേക്കുള്ള യാത്രയും ഹെലികോപ്ടറില്‍ തന്നെയാണ് .ലക്ഷങ്ങളാണ് ഇതിന് വേണ്ടിവരുന്ന ചെലവ്.

സ്റ്റുഡന്റ്സ് പാർലമെന്റ് സമാപനത്തിനായാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത് . അവിടെ നിന്ന്  ഹെലികോപ്ടറില്‍ തന്നെ  ആലപ്പുഴക്ക് എത്തും. വൈകിട്ട് വരെ ജില്ലയിൽ വിവിധ പരിപാടികളുണ്ട്. ഇതാദ്യമല്ല മുഖ്യമന്ത്രിയുടെ ‘പറക്കൽ പാച്ചിൽ’ . ജനുവരി 28ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ബെഫി ദേശീയ സമ്മേളന റാലിയിൽ പ്രസംഗിച്ചു തീരുമ്പോൾ കോട്ടയത്ത് ദേശാഭിമാനി അക്ഷരമുറ്റം പരിപാടിയിൽ സ്വാഗത പ്രസംഗം തുടങ്ങിയിരുന്നു. എന്നാല്‍ സ്വാഗത പ്രസംഗം തീരുംമുമ്പേ മുഖ്യമന്ത്രി ഹെലികോപ്ടറിൽ കോട്ടയത്ത് പറന്നിറങ്ങി സംഘാടകരേയും അമ്പരപ്പിച്ചു.

മുഖ്യമന്ത്രിയുടെ വിവാദമായ ചില ഹെലികോപ്ടർ യാത്രകൾ

2017 ഡിസംബർ 26 ന് സി പി എം തൃശൂർ ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്ടറിൽ വന്ന തിനു ചെലവായ 8 ലക്ഷം രൂപ നൽകിയത് ഓഖി ഫണ്ടിൽ നിന്നായിരുന്നു. വിവാദമായപ്പോൾ പണം പാർട്ടി നൽകുമെന്ന് അവകാശപ്പെട്ടെങ്കിലും തുക പോയത് സർക്കാർ ഖജനാവിൽ നിന്ന്.
മധുരയിൽ 2017 നവംബർ 6 ന് ദളിത് മുക്തി ശോഷൺ മഞ്ച് എന്ന സംഘടനയുടെ പരിപാടിക്ക് പറന്നു പോയതിന് ചെലവ് 7 ലക്ഷത്തി 60000 രൂപ. ഇങ്ങനെ ഹെലികോപ്ടർ യാത്രയിൽ ഇതുവരെയുള്ള കേരള മുഖ്യമന്ത്രിമാരിൽ മുന്നിലെത്തിയിരിക്കുകയാണ് പിണറായി വിജയൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top