Advertisement

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണം അദാനിക്ക് കൈമാറാനുളള തീരുമാനത്തെ അപലപിച്ച് കാനം

February 25, 2019
Google News 1 minute Read

തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണം അദാനി എന്ന സ്വകാര്യ വ്യവസായിക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവനയിലൂടെ അപലപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവള നിര്‍മ്മാണത്തില്‍ മുന്‍പരിചയമുള്ളവരുടെയും അപേക്ഷകള്‍ പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. തലസ്ഥാനത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. അദാനി ഗ്രൂപ്പിന് തിരുവനന്തപുരമടക്കം അഞ്ച് വിമാനത്താവളം കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അഴിമതിയുടെ ഭാഗമായി മാത്രമേ കാണാനാകു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അദാനി അടക്കമുള്ള കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

തിരുവനന്തപുരം വിമാനത്താവളത്തെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പൊതുജനവികാരം വളര്‍ത്തിക്കൊണ്ടുവരാനും ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കാനും കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Read Moreസ്വകാര്യവത്ക്കരിക്കാന്‍ ലേലത്തില്‍ വച്ച വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന്‌ ലഭിച്ചത്‌ അഴിമതി; കോടിയേരി

തിരുവനന്തപുരം വിമാനത്താവളത്തിന്‌ പുറമെ അഹമദാബാദ്‌, ലഖ്‌നോ, ജയ്‌പൂര്‍, മംഗളൂരു എന്നീ വിമാനത്താവളങ്ങളാണ്‌ ലേലത്തില്‍ വച്ചത്‌. കേരളം സൗജന്യമായി നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്ന്‌ സംസ്ഥാന സര്‍ക്കാരും സി.പി.ഐ.എമ്മും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു.

തിരുവിതാംകൂര്‍ രാജാവിന്റെ കാലത്തും പിന്നിടുമായി 635 ഏക്ര ഭൂമി തിരുവനന്തപുരത്തിന്‌ വേണ്ടി കേരളം സൗജന്യമായി നല്‍കിയിട്ടുണ്ട്‌. മാത്രമല്ല, വിമാനത്താവള വികസനത്തിന്‌ 250 കോടി രൂപ ചെലവില്‍ 18 ഏക്ര ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലുമാണ്‌.  ഇതെല്ലാം കണക്കിലെടുത്താണ്‌ സ്വകാര്യവല്‍ക്കരിക്കരുതെന്ന്‌ കേരളം അവശ്യപ്പെട്ടത്‌.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ നേരത്തെ നീക്കമുണ്ടായപ്പോള്‍ കേരളം ഇടപ്പെട്ടിരുന്നു. സ്വകാര്യവല്‍ക്കരിക്കുന്നതിനു മുമ്പ്‌ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കുമെന്ന്‌ 2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‌ രേഖാമൂലം ഉറപ്പു നല്‍കുകയുണ്ടായി.

വിമാനത്താവളത്തിന്‌ സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്‌ അന്ന്‌ കേന്ദ്രം ഇങ്ങനെ ഉറപ്പു നല്‍കിയത്‌. എന്നാല്‍ അതെല്ലാം നരേന്ദ്രമോദി സര്‍ക്കാര്‍ ലംഘിച്ചു. സ്വകാര്യവല്‍ക്കരണം തടയുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കമ്പനി രൂപീകരിച്ച്‌ ലേലത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചി, കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും കേരള സര്‍ക്കാരിനുള്ള പരിചയം കണക്കിലെടുത്ത്‌ ലേലത്തില്‍ ‘റൈറ്റ്‌ ടു റഫ്യൂസല്‍’ വേണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണെങ്കില്‍ ബിഡില്‍ ഓഫര്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന തുകയ്‌ക്ക്‌ തുല്യമായ തുക കേരളത്തിന്റെ കമ്പനി നല്‍കുകയാണെങ്കില്‍ വിമാനത്താവളം ഈ കമ്പനിക്ക്‌ നടത്താന്‍ പറ്റും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതനുവദിച്ചില്ല. പകരം 10 ശതമാനം തുക വ്യത്യാസം മാത്രമാണ്‌ അനുവദിച്ചത്‌.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here