ആർത്തവത്തെ ‘അയിത്തം’ കൽപ്പിച്ച് മാറ്റി നിർത്തപ്പെടുന്ന രാജ്യത്ത് നിന്നും ഓസ്‌ക്കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായത് ‘പിരീഡ്.ദി എൻഡ് ഓഫ് സെന്റൻസ്’

ഓസ്‌ക്കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ‘പിരീഡ്.ദി എൻഡ് ഓഫ് സെന്റൻസ്’. ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് എന്ന വിഭാഗത്തിലാണ് ചിത്രം വിഖ്യാത ഓസ്‌ക്കാർ പുരസ്‌കാരം നേടിയിരിക്കുന്നത്. റായ്ക സെഹ്താബ്ച്ചി സംവിധാനം ചെയ്ത് ഇന്ത്യക്കാരിയായ ഗുനീത് മോംഗയുടെ സിഖ്യ എന്റർടെയിൻമെന്റ് നിർമ്മിച്ച ഈ ചിത്രം ആർത്തവവുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കെതിരെ സ്ത്രീകൾ നടത്തുന്ന നിശബ്ദ വിപ്ലവത്തെ കഥപറയുന്ന ചിത്രമാണ്.

period end of sentences

പിരീഡ്, മെൻസ്ട്രുവേഷൻ, ആർത്തവം എന്നിവ പറയാൻ തന്നെ നമ്മൾ ഇന്ത്യക്കാർക്ക് ഒരു പ്രത്യേക മടിയാണ്. പലപ്പോഴും ആർത്തവ ദിനങ്ങളെ ‘ആ നാളുകൾ’, ‘ആ ദിവസങ്ങൾ’ എന്നിങ്ങനെയാണ് നാം വിളിക്കാറ്. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ വീടിന് പുറത്ത് നിർമ്മിച്ചിട്ടുള്ള ഓല മേഞ്ഞ ‘ആർത്തവപ്പുരയിൽ’ കിടന്ന കുട്ടി അതിദാരുണമായി മരിച്ചത് അത്രപെട്ടെന്നൊന്നും മറക്കാൻ നമുക്കാവില്ല. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വാർത്തയാക്കിയ ആ സംഭവം മാലോകർ വാഴ്ത്തിപ്പാടിയ ഇന്ത്യൻ സംസ്‌കാരത്തിന് മേൽ ഒരു തീരാകളങ്കമായി മാറിയിരുന്നു. ആർത്തവത്തെ അയിത്തമായി കണ്ട് മാറ്റി നിർത്തപ്പെടുന്നത് പോലുള്ള ദുരാചാരങ്ങളുള്ള ഈ നാട്ടിൽ നിന്ന് തന്നെ ആർത്തവത്തെ കുറിച്ചുള്ള ഒരു സിനിമ ഉണ്ടാവുകയും അതിന് ഓസ്‌ക്കാർ ലഭിക്കുകയും ചെയ്തിരിക്കുന്നത് ഒരു പക്ഷേ ഈ കളങ്കം മാറ്റാൻ സഹായിച്ചേക്കാം.

ആചാരത്തിന്റെ പേരിൽ ആദ്യ ആർത്തവസമയത്ത് ഒറ്റയ്ക്ക് താമസിപ്പിച്ച് ഗജ ചുഴലിക്കാറ്റിൽ തെങ്ങ് വീണ് മരിച്ച പതിമൂന്നുകാരി

Read Also : ആചാരത്തിന്റെ പേരിൽ ആർത്തവസമയത്ത് ഒറ്റയ്ക്ക് കിടത്തി; ഗജ ചുഴലിക്കാറ്റിൽ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ഓസ്‌ക്കാർ പുരസ്‌കാരം നേടിയ സെഹ്താബ്ച്ചി പുരസ്‌കാരം ഏറ്റുവാങ്ങി നിറകണ്ണുകളോടെ പറഞ്ഞതിങ്ങനെ,’ ഞാൻ കരയുകയല്ല…ആർത്തവത്തെ കുറിച്ചുള്ള ഒരു ചിത്രത്തിന് ഓസ്‌ക്കാർ ലഭിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല’. ശേഷം ചിത്രത്തിന്റെ നിർമ്മാതാവ് ഗുനീത് മോംഗയെ നോക്കി തലയാട്ടി. എന്നിട്ട് തുടർന്നു,’ മെൻസ്ട്രുവൽ ഇക്വാളിറ്റിക്കായി പോരാടാൻ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ശക്തിപകരുന്ന ഒരാളാണ് ഗുനീത് മോംഗ’.

ഡെൽഹിക്ക് പുറത്തുള്ള ഹാപൂർ ഗ്രാമത്തിലാണ് ‘പിരീഡ്.ദി എൻഡ് ഓഫ് സെന്റൻസിന്റെ കഥ നടക്കുന്നത്. ആർത്തവവുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കെതിരെ സ്ത്രീകൾ നടത്തുന്ന നിശബ്ദ വിപ്ലവമാണ് കഥ. തലമുറകളായി സാനിറ്ററി നാപ്കിൻ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല ഇവർക്ക്. ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും, ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ പഠനം നിർത്തുന്നതുമെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്. പിന്നീട് ഗ്രാമത്തിൽ സാനിറ്ററി പാഡ് വെൻഡിംഗ് മെഷീൻ വരികയും, അതുപയോഗിക്കാൻ സ്ത്രീകൾ പഠിക്കുകയും, ഫ്‌ളൈ എന്ന ബ്രാൻഡായി അത്തരം സാനിറ്ററി നാപ്കിനുകൾ വിപണിയിൽ എത്തുകയും ചെയ്യുന്നത് ചിത്രത്തിൽ കാണിക്കുന്നു.

മുമ്പ് പാഡ്മാൻ എന്ന അക്ഷ കുമാർ-സോനം കപൂർ ചിത്രത്തിലൂടെ ഇന്ത്യയിലെ ആർത്തവ ശുചിത്വത്തെ കുറിച്ചും പാഡ്മാൻ എന്നറിയപ്പെടുന്ന അരുണാചലം മരുകാനന്തത്തെ കുറിച്ചുമെല്ലാം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും രാജ്യാന്തര തലത്തിൽ തന്നെ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ടുള്ള ഈ ചിത്രം ഓസ്‌ക്കാർ നേടിയിരിക്കുന്നത്.

ഇറാനിയന്‍-അമേരിക്കന്‍ സംവിധായികയാണ് റയ്ക സെഹ്റ്റച്ബച്ചിാണ്. ദി ലഞ്ച് ബോക്സ്, ​ഗ്യാങ്സ് ഓഫ് വാസിപ്പൂർ, മസാൻ എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളാണ് ഗുനീത് മോംഗെ.

ചിത്രത്തിന്റെ ട്രെയിലർ കാണാം :

Top