Advertisement

പുൽവാമ ആക്രമണം നടത്തിയ ചാവേർ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു

February 25, 2019
Google News 3 minutes Read

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായകവിവരങ്ങൾ ശേഖരിച്ച് എൻഐഎ. ആക്രമണം നടത്തിയ ചാവേർ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിന്‍റെ ഉടമ.

കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്. ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാളെന്നാണ് കണ്ടെത്തല്‍. എന്‍ഐഎ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഫെബ്രുവരി 14 ന് നടന്ന ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.

അതേസമയം പുൽവാമ ഭീകരാക്രമണത്തിന് ഉപയോ​ഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാർ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്‍ഐഎ കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിലാണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തത്.  സിആര്‍പിഎഫ് വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽനിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണ് കാർ ഓടിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാറിന്റെ യഥാർത്ഥ ഉടമയെ എൻഐഎ ഉദ്യോഗസ്ഥര്‍ പിടികൂടി. എന്നാൽ ആക്രമണം നടന്ന ദിവസം തന്റെ വാഹനം മോഷണം പോയിരുന്നതായാണ് ഉടമ ചോദ്യം ചെയ്യലിൽ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. 2010-11 മോഡൽ കാർ പെയിൻ്റ് അടിച്ച് പുത്തനാക്കിയതാണെന്ന് ദൃശ്യങ്ങളിൽ കാണാം.

Read Moreപുൽവാമ ആക്രമണം; പിംഗ്ലേന സ്വദേശികള്‍ ഉള്‍പ്പെട്ടതിന് തെളിവ്

കോൺവേയിൽനിന്ന് സിആർപിഎഫ് ജവാൻമാരേയും കയറ്റികൊണ്ടുള്ള ബസ് വരുന്നതിന് തൊട്ടുമുമ്പായി ഭീകരൻ കോൺവേയിൽ കാർ ഇടിച്ച് കയറ്റാനുള്ള ആദ്യ പരിശ്രമം നടത്തിയിരുന്നു. ഇതിനിടയിൽ സര്‍വീസ് റോഡില്‍ നിന്ന് ചുവപ്പ് മാരുതി ഇക്കോ കാര്‍ ബസ്സുകളുടെ സമീപത്തേക്ക് വരുന്നത് കണ്ട സൈനികർ ദേശീയപാതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത്തെ പരിശ്രമത്തിൽ ഭീകരൻ തന്റെ ലക്ഷ്യം പൂർത്തിയാക്കുകയായിരുന്നു.

ജമ്മുവില്‍ നിന്ന് 78 ബസുകളിലായി 2500 സൈനികരാണ് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികൾ നല്‍കിയിരിക്കുന്നത്. ആക്രമണം നടക്കുന്നതിന് മുമ്പ് ചുവന്ന നിറത്തിലുള്ള ഇക്കോ കാറിൽ പതിവായി ഒരാൾ കോൺവേയ്ക്ക് സമീപത്തായി വരാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികളും ഉദ്യോ​ഗസ്ഥർക്ക് മൊഴി നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here