Advertisement

ശാസ്ത്രിയുടെ മുദ്രാവാക്യവുമായി മോദി

February 26, 2019
Google News 1 minute Read

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണ് ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം 1965ല്‍ ആദ്യം വിളിച്ചത്. അന്‍‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാമന്ത്രി നരേന്ദ്രമോദി അതേ മുദ്രാവാക്യം ഇന്ന് ഏറ്റുചൊല്ലുമ്പോള്‍, അതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെ ഉണ്ടുതാനും.

ഡല്‍ഹിയിലെ രാംലീല മൈതാനിയിലെ‍ വച്ചായിരുന്നു ശാസ്ത്രിയുടെ പ്രശസ്തമായ പ്രയോഗം. നെഹ്രുവിന്റെ മരണ ശേഷം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശാസ്ത്രിയെ കര്‍ഷകര്‍ക്കും സൈനികര്‍ക്കും പ്രിയങ്കരനാക്കിയ മുദ്രാവാക്യം കൂടിയായിരുന്നു അത്. അഭിമാനികളായ രാജസ്ഥാനികളുടെ ഗ്രാമത്തില്‍ വച്ചാണ് മോദിയുടെ ഏറ്റുചൊല്ലല്‍.

ഉറങ്ങിക്കിടന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ  ഇന്ത്യന്‍ സൈനിക മേധാവികള്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.  1965ല്‍. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി പാക് സൈന്യം തമ്പടിച്ചിരിക്കുന്നു എന്നായിരുന്നു സന്ദേശം. ഗൗരവം മനസിലാക്കിയ പ്രധാനമന്ത്രി സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയായിരുന്നു. പാക്കിസ്ഥാനുമായുള്ള ആദ്യ യുദ്ധത്തിന്റെ തുടക്കം അങ്ങനെയായിരുന്നു. ശാസ്ത്രിയുടെ പ്രായോഗിക സമീപനം അന്ന് ഇന്ത്യയ്ക്ക് രക്ഷയായെന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്.

യുദ്ധസമയത്ത് രാജ്യത്തെ സംരക്ഷിക്കാന്‍ സൈന്യത്തോടും കൂടുതല്‍ ഭക്ഷ്യോത്പാദനം നടത്താന്‍ കര്‍ഷകരോടും അഭ്യര്‍ത്ഥിക്കുന്ന ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന് മറുപടിയുണ്ടായി. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടി. അമേരിക്കയും സോവിയറ്റ് യൂണിയനും ഇടപെട്ട് 17 ദിവസത്തെ യുദ്ധം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ വിജയത്തിന്റെ വക്കിലായിരുന്നു. പാക്കിസ്ഥാന്റെ 80ശതമാനം യുദ്ധോപകരങ്ങളും ഇന്ത്യ പിടിച്ചടക്കി. ഇന്ത്യയുടെ നഷ്ടം പത്ത് ശതമാനമായിരുന്നു. യുദ്ധത്തിനൊടുവില്‍ ശാസ്ത്രിയ്ക്ക് ഇന്ത്യയില്‍ വീരപരിവേഷമായി.


ഇതെല്ലാം ഓര്‍മ്മിച്ച് കൊണ്ടാകണം നരേന്ദ്രമോദി മര്‍മ്മത്ത് കൊള്ളുന്ന ജവാന്‍-കിസാന്‍ പ്രയോഗം നടത്തിയത്. പട്ടിണിയിലായ കര്‍ഷകരെ വശത്താക്കാന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് മോദി രംഗത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഗോരഖ്പൂരില്‍ വലിയ സമ്മേളനവും നടത്തി. ‘വണ്‍ റാങ്ക്- വണ്‍ പെന്‍ഷന്‍’ എന്ന സൈനികരുടെ ദീര്‍ഘകാല ആവശ്യം ഓര്‍മ്മിപ്പിച്ച്കൊണ്ട് സൈന്യത്തിന് നല്‍കിയ സല്യൂട്ട്, അടുത്ത ലോക് സഭ തിരഞ്ഞെടുപ്പിലേക്കായുള്ള വജ്രായുധമാണ്.

പാക്കിസ്ഥാനെതിരെ 1971ല്‍ ഐതിഹാസിക യുദ്ധം നടത്തി അധികാരം ഉറപ്പിച്ച ഇന്ദിരാഗാന്ധിയുടെ പാതയും നരേന്ദ്ര മോദിയ്ക്ക് അറിവുള്ളതാണല്ലോ. പകരം വീട്ടിയ യോദ്ധാവിന്റെ വിജയാഹ്ലാദം മോദിയുടെ മുഖഭാവത്തിലുണ്ട്. 2014ല്‍ പിന്തുണച്ചത് പോലെ തുടര്‍ന്നും വേണമെന്ന അഭ്യര്‍ത്ഥന രണ്ട് മാസത്തിനുള്ളില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് തന്നെ. സൈനിക നടപടിയ്ക്കിടയിലും തന്റെ ആഗ്രഹം മോദി മറച്ച് വയ്ക്കുന്നില്ല.
ആദ്യ റൗണ്ടില്‍ മോദിയെ പിന്നിലാക്കി മുന്നേറിയ കോണ്‍ഗ്രസും മറ്റു് പ്രതിപക്ഷകക്ഷികളും സൂക്ഷിച്ചാണ് കരുനീക്കം നടത്തുന്നത്. സൈനികര്‍ക്ക് നേരം ഭീകരാക്രമണം നടന്നപ്പോഴും ഇന്ത്യ ഇന്ന് പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷം നടത്തിയപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൈന്യത്തിന് സല്യൂട്ടടിച്ചു. ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിയോടും ഇന്ത്യന്‍ ഭരണകൂടത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മമത് ബാനര്‍ജി മാത്രമാണ് ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് പരസ്യമായി പറഞ്ഞത്. ‘സുരക്ഷാവീഴ്ച’ എന്ന ആക്ഷേപവും ഉണ്ടായി. എന്നാല്‍ ഇതൊന്നും നരേന്ദ്രമോദിയെ പിന്തിരിപ്പിക്കുന്നില്ല. യുദ്ധത്തിലായാലും രാഷ്ട്രീയത്തിലായാലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചുവടുവയ്ക്കുകയാണ് നരേന്ദ്രമോദി.

പാക്കിസ്ഥാനുമായി തുറന്ന യുദ്ധം രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഭീകരക്യാമ്പുകളെ മാത്രം ലക്ഷ്യം വച്ചത്. രാജ്യം തലകുനിക്കില്ലെന്ന പ്രഖ്യാപനത്തോടെ ഭീഷണി മുഴക്കുന്ന ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിനും ചുട്ടമറുപടിയാണ് മോദി നല്‍കിയത്. തിരിച്ചടിയ്ക്കാന്‍ പാക്കിസ്ഥാന്‍ ധൈര്യപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here