കാണികളുടെ കയ്യടി വാങ്ങി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ പ്രകടനം

മാലപൊട്ടിച്ചോടുന്ന കള്ളനെ പിടികൂടുന്നതെങ്ങനെയെന്നും മണം പിടിച്ച് മയക്കുമരുന്ന് കണ്ടെത്തുന്നതെങ്ങനെയെന്നും കാണികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ച് കേരള പോലീസിലെ ഡോഗ് സ്‌ക്വാഡ് അംഗങ്ങള്‍ കയ്യടി വാങ്ങി. കൊച്ചിയില്‍ നടന്ന പ്രദര്‍ശനത്തിലാണ് ഡോഗ് സ്‌ക്വാഡിന്റെ ആറ് പോലീസ് നായകള്‍ ജനങ്ങള്‍ക്കു മുന്നിലേക്കെത്തിയത്. സ്റ്റെഫി എന്ന ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായയും ട്രാക്കര്‍ ഡോഗായ ഗോള്‍ഡി, എക്‌സ്‌പ്ലോസീവ് ഫ്‌ലിഫര്‍ വിഭാഗത്തില്‍പ്പെട്ട ഹാപ്പി, ബെല്ല, ബോബി എന്നീ നായകളും നാര്‍ക്കോട്ടിക് ഡിറ്റക്ഷന് ഉപയോഗിക്കുന്ന ബ്രാവോ യുമാണ് പ്രദര്‍ശനത്തില്‍ അണി നിരന്നത്. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ കൊച്ചി സിറ്റി എസ്.ഐ എം.ബി മോഹനന്റെ നേതൃത്വത്തില്‍ പത്ത് പേരടങ്ങുന്ന സംഘമാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്.
ബെല്ല ട്രെയിനറോടൊപ്പം കാണികളെ അഭിവാദ്യം ചെയ്ത് സല്യൂട്ട് ചെയ്തതോടെയാണ് ഷോയ്ക്ക് തുടക്കമായത്. റെയില്‍വേ സ്റ്റേഷനുകളിലും എയര്‍പോര്‍ട്ടുകളിലും വിവിഐപികള്‍ എത്തുന്നതിനു മുന്‍പായി പരിശോധനകള്‍ നടത്താനും ബോംബ് ഭീഷണികള്‍ക്കും ബോംബ് സ്‌ഫോടനം നടന്നതിനു ശേഷമുള്ള അന്വേഷണങ്ങള്‍ക്കുമാണ് എക്‌സ്‌പ്ലോസീവ് ഫിഫര്‍ ഡോഗുകളെ ഉപയോഗിക്കുന്നത്. ട്രാക്കര്‍ ഡോഗ് വിഭാഗത്തിലുള്ള ഗോള്‍ഡിയുടേതായിരുന്നു രണ്ടാമത്തെ പ്രകടനം. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അനുസരണയോടെ വേദിയില്‍ സ്ഥാപിച്ചിരുന്ന കൊടിമരത്തില്‍ പതാക ഉയര്‍ത്തിയാണ് ഗോള്‍ഡി കാണികളുടെ കയ്യടി വാങ്ങിയത്.
സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളടങ്ങിയ കാണികളേയും ഉള്‍പ്പെടുത്തിയാണ് ഡോഗ് ഷോ നടന്നത്. കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന സെന്റ് ഐഡന്റിഫിക്കേഷന്‍ രീതിയും പോലീസിനെ ആക്രമിച്ച് കടന്നു കളയുന്ന പ്രതികളെ അപ്പോള്‍ തന്നെ പിടിക്കുന്ന രീതിയുമെല്ലാം അവതരിപ്പിച്ചതില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളും പങ്കാളികളായി. നാഷണല്‍ പോലീസ് അക്കാദമി, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ നാഷണല്‍ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ ഡോഗ്‌സ് (എന്‍. ടി. സി. പി), ബി.എസ്.എഫ് സേനയുടെ എന്‍.ടി.സി .പി, കേരള പോലീസ് അക്കാദമി തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടിയ നായകളെയാണ് ഡോഗ് സ്‌ക്വാഡിന്റെ പ്രദര്‍ശനത്തിനായി എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here