Advertisement

പ്രളയം തകര്‍ത്ത കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ബജറ്റ്

February 27, 2019
Google News 2 minutes Read

പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിന് ഊന്നല്‍ നല്‍കി 2019-20 ജില്ലാ പഞ്ചായത്ത് ബജറ്റ്. 293.35 കോടി രൂപ വരുമാനവും, 291.28 കോടി രൂപ ചിലവും 2.07 കോടി രൂപ മിച്ചവുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍ അവതരിപ്പിച്ചത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 36 കോടി രൂപ വകയിരുത്തുന്നതാണ് ബജറ്റ്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിരിക്കുന്ന ഈ തുക ഉപയോഗിക്കുക. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയ കാര്‍ഷികമേഖലയ്ക്കാണ് ഉത്പാദനവിഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ജലസംരക്ഷണത്തിനും ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം, പൊതുമരാമത്ത്, കുടിവെള്ളം, വൈദ്യുതി, യുവജനക്ഷേമം, ദുര്‍ബലവിഭാഗങ്ങളുടെക്ഷേമം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം, സാമൂഹ്യക്ഷേമം എന്നിവയ്‌ക്കെല്ലാം ജില്ലാപഞ്ചായത്ത് ബജറ്റില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എല്ലാ മേഖലകള്‍ക്കും അര്‍ഹമായ വിഹിതം ഉറപ്പാക്കി തികച്ചും സന്തുലിതമായ ബജറ്റ് നിര്‍ദ്ദേശങ്ങളാണ് അവതരിപ്പിച്ചത്. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഓരോ മേഖലയ്ക്കും പ്രത്യേകം തുക ചിലവഴിക്കും.

കാര്‍ഷികമേഖലയുടെ വികസനത്തിനായി 13 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. നെല്‍കൃഷിയുടെ പരിപോഷണത്തിനായി ”പൊന്‍കതിര്‍” പദ്ധതി 53 ഗ്രാമപഞ്ചായത്തുകളിലും നടപ്പാക്കും. ഇതിനായി നാല് കോടി രൂപയാണ് ബജറ്റില്‍ മാറ്റി വച്ചിരിക്കുന്നത്. നെല്‍കൃഷിയുടെ കൂലിച്ചെലവ്, ഗുണനിലവാരമുള്ള വിത്തുകള്‍, വളത്തിന് സബ്‌സിഡി, പെട്ടിപ്പറ, മോട്ടോര്‍, മെതിയന്ത്രങ്ങളുടെ വാടക ഇവ നല്‍കുന്നതാണ് പൊന്‍കതിര്‍ പദ്ധതി. കൂടാതെ, കൃഷിയിടങ്ങള്‍ തരിശുരഹിതമാക്കുന്നതിനുള്ള സുഫല പദ്ധതിക്ക് രണ്ട് കോടി രൂപയും, കുടുംബശ്രീയുടെ ഭക്ഷ്യകിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കായി 18.12 കോടി രൂപയുടെ പദ്ധതികളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ ഉന്നമനത്തിനായി മാത്രം ആറുകോടി രൂപ നീക്കി വച്ചിട്ടുണ്ട്.

Read Also : കർണാടക നിയമസഭയില്‍ ഇന്ന് ബജറ്റ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി കെട്ടിടം, സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ യൂണിറ്റ്, ഡിജിറ്റല്‍ എക്‌സ്‌റേ വിഭാഗം, മോര്‍ച്ചറി, ഒ.പി നവീകരണം, നടപ്പാതയുടെ വികസനം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഇവിടെ പൂര്‍ത്തീകരിച്ചിരുന്നു. കായിക പരിശീലനങ്ങളിലും മത്സരങ്ങളിലും ഏര്‍പ്പെടുന്ന യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ കിടത്തി ചികിത്സ ഉള്‍പ്പെടെ നല്‍കുന്നതിനായി അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ജില്ലയില്‍ ആദ്യത്തെ സ്‌പോര്‍ട്‌സ് മെഡിസിന്‍ യൂണിറ്റ് തുടങ്ങുന്നതിന് പത്ത് ലക്ഷം രൂപയും ആശുപത്രിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടിയും വകയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിലുള്‍പ്പെടുത്തി സ്‌കൂളുകളെ സ്മാര്‍ട്ട് പട്ടികയിലേക്കുയര്‍ത്താന്‍ 11.65 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിലും കുടിവെള്ള പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ഉപയോഗശൂന്യമായ കിണറുകള്‍ വൃത്തിയാക്കുന്നതിനും, പുതിയ കിണറുകളുടേയും മറ്റും നിര്‍മാണങ്ങള്‍ക്കുമായി ഈ മേഖലയ്ക്ക് നീക്കി വച്ചിരിക്കുന്നത് 7 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പി.എം.എ.വൈ പദ്ധതി പ്രകാരം ഭവനനിര്‍മാണത്തിനായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ഭവനനിര്‍മാണം നടത്തും.

പൊതുവിഭാഗത്തിന് ഏഴുകോടിരൂപയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് അഞ്ച് കോടി രൂപയുമാണ് ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്. കൂടാതെ, പ്രളയദുരിതാശ്വാസത്തിനായി നീക്കി വച്ച തുക ഉള്‍പ്പെടെ ഈ മേഖലയ്ക്കായി 13.50 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. തൊഴില്‍മേഖലയ്ക്ക് 162 കോടി, ഊര്‍ജ്ജമേഖലയ്ക്ക് മൂന്ന് കോടി, മാര്‍ക്കറ്റ് നവീകരണത്തിന് ആറുകോടി, കലാ-സാംസ്‌കാരിക വികസനത്തിന് 1.28 കോടി, പൊതുമരാമത്ത് വിഭാഗത്തിന് 65 കോടി, പൊതുഭരണമേഖലയ്ക്ക് 1.75 കോടി, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ക്കായി 2.60 കോടി, സ്‌പോര്‍ട്‌സ് യുവജനക്ഷേമത്തിന് ഒരു കോടി, ശുചിത്വം- മാലിന്യസംസ്‌കരണം എന്നിവയ്ക്കായി അഞ്ച് കോടി, മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി 3.50 കോടി രൂപ, ചെറുകിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് 1.10 കോടി, തോടുകളുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന സുജലം പദ്ധതിക്കായി 2.50 കോടി, മത്സ്യകൃഷി വികസനത്തിനായി 15 ലക്ഷം എന്നിങ്ങനെയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്ന തുകകള്‍.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭവന നിര്‍മാണത്തിനുള്ള ധനസഹായം വര്‍ദ്ധിപ്പിക്കാനും സംരക്ഷണഭിത്തി ഇല്ലാത്ത കോളനികളില്‍ അവ നിര്‍മ്മിച്ച് നല്‍കാനും പട്ടികജാതി കോളനികള്‍ മുഴുവന്‍ ഗാര്‍ഗിക കുടിവെള്ള കണക്ഷനുകള്‍ അനുവദിക്കാനും കോളനികളിലെ ആറ് മീറ്റര്‍ വീതിയുള്ള റോഡുകള്‍ പൂര്‍ണമായി നവീകരിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കൂടാതെ, പട്ടികവര്‍ഗത്തില്‍പ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനായി ഒരു കോടി രൂപയുമാണ് ചിലവഴിക്കുക. സാമൂഹിക, വനിതാ-ശിശുക്ഷേമത്തിനായി സാമൂഹ്യക്ഷേമവകുപ്പിന്റേയും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തിന്റേയും സഹകരണത്തോടെയായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക. ഇതിനായി 5.50 കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എസ്.സി വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കുള്ള സൗജന്യമരുന്നുവിതരണത്തിനും, പാലിയേറ്റീവ് കെയര്‍ എന്നിവയ്ക്കുമുള്‍പ്പെടെ രണ്ട് കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി ബജറ്റ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലമോഹന്‍, ആരോഗ്യവിദ്യാഭ്യാസ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി അനിത, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.റെജി തോമസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 748/19)

കുട്ടികളുടെ അവകാശസംരക്ഷണത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സെമിനാര്‍
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ശബരിമല ഇടത്താവളത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണം വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി യായിരുന്നു സെമിനാര്‍.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ചടയമംഗലം എം എല്‍ എ മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. ഇതില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്. ബാലാവകാശ സംരക്ഷണത്തിനുള്ള നിയമങ്ങള്‍ പാലിക്കപ്പെ ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളുടെ മനസില്‍ നല്ല കാര്യങ്ങള്‍ എത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാവണമെന്നും എംഎല്‍എ പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഇതില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പങ്ക് വളരെ വലുതാണ്. സൂഹത്തിലെ പ്രശന്ങ്ങളെ ആഴത്തില്‍ മനസിലാക്കി അത് പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിയണമെന്നും എംഎല്‍എ പറഞ്ഞു. അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നിവയാണ് കുട്ടികളുടെ പ്രധാന അവകാശങ്ങള്‍. ഈ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം സദാ ജാഗരൂകരായി നില്‍ക്കേണ്ടതുണ്ട്.

കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈ എടുക്കണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിന് മുന്‍പ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കണം. കൂടാതെ നന്‍മയുടെ ശുദ്ധവായു ശ്വസിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണം. അതിനുള്ള അന്തരീക്ഷം നാം സൃഷ്ടിക്കണം. കുട്ടിക്കാലത്ത് തന്നെ കുഞ്ഞുങ്ങള്‍ക്ക് സ്നേഹവും പരിചരണവും ലഭിക്കണം. ബാല്യകാലത്ത് ലഭിക്കുന്ന കരുതല്‍ വ്യക്തിത്വരൂപീകരണത്തില്‍ പ്രധാനമാണ്. വിദ്യാലയങ്ങളിലും കുടുംബങ്ങളിലും ജനാധിപത്യ വത്കരണം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യം നല്‍കുക എന്നത് രാജ്യത്തിന്റെ കടമയാണ്.കുട്ടികളുടെ സുരക്ഷിത ബാല്യത്തിനായി, അവരുടെ സാര്‍വലൗകികമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളും ചട്ടങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുന്നത് വളരെ സ്വാഗതാര്‍ഹമാണെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബോബി എബ്രഹാം പറഞ്ഞു. കുട്ടികള്‍ രാജ്യത്തിന്റെ അമൂല്യമായ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. എല്ലാ രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒട്ടനവധി പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്. കുട്ടികള്‍ക്കുവേണ്ടി മുതല്‍മുടക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്റെ ഭാവിക്ക് പ്രയോജനം ചെയ്യും. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഇന്‍ഡ്യന്‍ ഭരണഘടനയും ഐക്യരാഷ്ട്രസഭയും ഇത് ശരിവയ്ക്കുകയും ഇതിനായി നിയമനിര്‍മാണങ്ങളും ഉടമ്പടികളും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് മനസിലാക്കുവാനും ഇതിനായി ചൈല്‍ഡ്‌ലൈന്‍ നല്‍കുന്ന സേവനങ്ങള്‍ തിരിച്ചറിയാനും അവശ്യസന്ദര്‍ഭങ്ങളില്‍ കുട്ടികളെ സഹായിക്കുവാനും ഓരോ പൗരനും കടമയുണ്ട്.

കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഒട്ടനവധി നിയമങ്ങളും നയങ്ങളും പരിപാടികളും നിലവില്‍ വന്നിട്ടുണ്ട്. ഫാക്ടറി നിയമം, ഖനി നിയമം, വിദ്യാഭ്യാസ നിയമം, കുട്ടികളുടെ ദേശീയനയം, ദേശീയ ആരോഗ്യനയം, ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ദേശീയനയം, അസന്മാര്‍ഗിക വ്യാപാരം തടയല്‍ നിയമം, ബാലവേല നിരോധന നിയമം, ബാലനീതി നിയമം എന്നിവ കൂടാതെ സംയോജിത ശിശുവികസന പരിപാടി, സര്‍വശിക്ഷാ അഭിയാന്‍, നിര്‍ഭയ, ചൈല്‍ഡ് ലൈന്‍, സംയോജിത ശിശു സംരക്ഷണ പരിപാടി തുടങ്ങിയ പരിപാടികളും നമ്മുടെ രാജ്യത്ത് നടപ്പില്‍വന്നിട്ടുണ്ട്. 2000ല്‍ നടപ്പില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട്, 2012ല്‍ നിലവില്‍ വന്ന പോക്സോ ആക്ട് എന്നിവ ഏത് തരത്തിലുള്ള അതിക്രമത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുവാന്‍ മതിയാകുന്ന നിയമനിര്‍മ്മാണങ്ങളാണ്.

കുട്ടികളുടെ ഉത്തമതാല്‍പര്യം സംരക്ഷിക്കുന്നതിനായി സമൂഹവും ഭരണകൂടവും കോടതികളും സന്നദ്ധ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിലകൊള്ളുന്ന ഒരു സാഹചര്യത്തില്‍ മാത്രമേ ലോകസമൂഹം വിഭാവനം ചെയ്യുന്ന ശിശുസൗഹൃദ ക്ഷേമരാഷ്ട്രം നിലവില്‍ വരികയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹിക വികാസം ഉറപ്പുവരുത്തിക്കൊണ്ട് നമ്മുടെ കുട്ടികളെ ഭാവിയിലേക്ക് ഉത്തമന്‍മാരാക്കുന്ന പ്രക്രിയയില്‍ നമുക്കും പങ്കാളികളാകാമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട പ്രസ്സ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പിബി നൂഹ് മുഖ്യാതിഥിയായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ജോണ്‍ ജേക്കബ്, കോന്നി സോഷ്യല്‍ വര്‍ക്ക് കോളേജ് മേധാവി പ്രൊഫ.വര്‍ഗീസ്, പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് അധ്യാപകന്‍ വിവേക്, ഷാന്‍ രമേശ് ഗോപന്‍, റിന്റു തോപ്പില്‍, ബിനി മറിയം, സോഷ്യല്‍ വര്‍ക്ക് – പൊളിറ്റിക്കല്‍ സയന്‍സ് – സോഷ്യോളജി വിഭാഗത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here