പാക് പിടിയിലായ ഫൈറ്റര്‍ പൈലറ്റിന്റെ കഥ പറഞ്ഞ കാട്ര് വെളിയിടെയില്‍ അഭിനന്ദന്റെ പിതാവും
മണിരത്‌നം സംവിധാനം ചെയ്ത കാട്ര് വെളിയിടെ എന്ന ചിത്രം 1999 ലെ കാര്‍ഗില്‍ യുദ്ധകാലത്ത് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാകുകയും പിന്നീട് ജയിലില്‍ വലിയ തോതിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷപെടുകയും ചെയത ഫൈറ്റര്‍ പൈലറ്റിന്റെ കഥയാണ് പറഞ്ഞത്. ഫൈറ്റര്‍ പൈലറ്റായ വരുണ്‍ ചക്രപാണിയായി കാര്‍ത്തിയായിരുന്നു എത്തിയത്. 1971 ല്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചുവടുപിടിച്ചായിരുന്നു മണിരക്തം സിനിമ ചെയ്തത്. അന്ന് ചിത്രത്തിന്റെ കണ്‍സള്‍ട്ടന്റായത് ഇപ്പോള്‍ പാക് പിടിയിലുള്ള അഭിനന്ദന്റെ പിതാവ് എസ് വര്‍ത്തമാനായിരുന്നു.
1971 ല്‍ പാക് ജയിലില്‍ നിന്നും രക്ഷപ്പെട്ട ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ദിലീപ് പരൂള്‍ക്കറിന്റേയും സുഹൃത്തുക്കളുടേയും ജീവിതാനുഭവം ഫെയ്ത് ജോണ്‍സണ്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി ‘ഫോര്‍ മൈല്‍ഡ് ടു ഫ്രീഡം’ എന്ന പേരില്‍ നോവലാക്കിയിരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് മണിരത്‌നം കാട്ര് വെളിയിടെ ഒരുക്കുകയായിരുന്നു. ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിച് വരുണ്‍ ചക്രപാണി ജയില്‍ ചാടി ഇന്ത്യയില്‍ എത്തുന്നുണ്ടെങ്കില്‍ യഥാര്‍ത്ഥ സംഭവത്തില്‍ ദിലീപ് പരുള്‍ക്കളും സുഹൃത്തുക്കളും പാക് സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഇന്ത്യന്‍ യുദ്ധ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതോടെയാണ് ദിലീപും സംഘവും മോചിതരായത്. ഇന്ത്യയില്‍ തിരിച്ചെത്തിയ സൈനികര്‍ക്ക് വാഗ അതിര്‍ത്തിയില്‍ വന്‍ സ്വീകരണമായിരുന്നു നല്‍കിയത്.
ഈസ്റ്റേണ്‍ കമാന്റ് ചീഫ് ആയിരുന്ന എസ് വര്‍ത്തമാന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോറില്‍ ചീഫ് ഓഫ് ഓപ്പറേഷന്‍സ് ഓഫീസറായിരുന്നു അദ്ദേഹം. കാര്‍ഗിയില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ വ്യോമാക്രമണ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മിറാഷ് 2000 വിമാനങ്ങളുടെ അപ്ഗ്രഡേഷനില്‍ എസ് വര്‍ത്തമാന്റെ അനുഭവസമ്പത്ത് ഉപകാരപ്പെട്ടിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന നടത്തിയ ഓപ്പറേഷന്‍ പരാക്രമിന് വെസ്റ്റേണ്‍ സെക്ടറില്‍ നേതൃത്വം നല്‍കിയത് എസ് വര്‍ത്തമാന്‍ ആയിരുന്നു. 41 വര്‍ഷത്തെ സൈനിക ജീവിതത്തിനിടെ നിരവധി പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചു. ബംഗളൂരുവില്‍ എയര്‍ക്രാഫ്റ്റ് ആന്‍ഡ് സിസ്റ്റംസ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റ് തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more: അഭിനന്ദിനെ മോചിപ്പിക്കാൻ നീക്കം ശക്തമാക്കി ഇന്ത്യ
ഇന്നലെയാണ് അഭിനന്ദന്‍ പാക് പിടിയിലാകുന്നത്. രജൗരി ജില്ലയിലെ നൗഷെരയിലും പൂഞ്ചിലും അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന തുരത്തുന്നതിനിടെ അഭിനന്ദന്‍ പറപ്പിച്ചിരുന്ന മിഗ് വിമാനം തകര്‍ന്നു വീണിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ വൈമാനികനെ പിടികൂടിയെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ രംഗത്തെത്തി. മുഖത്തു നിന്ന് ചോരയൊലിക്കുന്ന രീതിയില്‍ കണ്ണുകെട്ടിയ അഭിനന്ദന്റേതായിട്ടുള്ള വീഡിയോയും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം സ്ഥിരീകരിച്ച് ഇന്ത്യയും രംഗത്തെത്തി. അഭിനന്ദനെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here