ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി പറഞ്ഞതായി പവന്‍ കല്ല്യാണ്‍

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകുമെന്ന് ബിജെപി തന്നോട് പറഞ്ഞിരുന്നതായി ജനസേന പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്യാണ്‍. കടപ്പ ഡില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയാണ് പവന്‍ കല്യാണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് ഇതില്‍ നിന്നും മനസിലാക്കാവുന്നതാണെന്നും പവന്‍ കല്ല്യാണ്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് ബിജെപി തന്നോട് ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ മാത്രമാണ് ദേശാഭിമാനികള്‍ എന്നാണ് ബിജെപിക്കാര്‍ പറഞ്ഞുനടക്കുന്നത്. ദേശാഭിമാനം ബിജെപിക്കാരുടെ കുത്തകയൊന്നുമല്ല. ബിജെപിക്കാരേക്കാള്‍ തങ്ങള്‍ പത്ത് മടങ്ങ് ദേശാഭിമാനികളാണ്. മുസ്ലീങ്ങള്‍ക്ക് ആരുടേയും ദേശാഭിമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമല്ല. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ തുല്യ അവകാശങ്ങളുണ്ട്. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ കാര്യം തനിക്ക് അറിയില്ല. പക്ഷെ മുസ്ലീങ്ങള്‍ ഇന്ത്യയുടെ ഹൃദയത്തിലാണ്. മുഹമ്മദ് അസ്ഹറുദ്ദീനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാക്കി. എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കി. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് പവന്‍ കല്യാണ്‍. 2014ലാണ് ജന സേന പാര്‍ട്ടി രൂപീകരിച്ചത്. ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിലൂടെയാണ് പവന്‍ കല്യാണ്‍ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത്. പിന്നീട് ചിരഞ്ജീവിയുമായി തെറ്റിപ്പിരിഞ്ഞ് ജനസേന രൂപീകരിക്കുകയായിരുന്നു. ബിജെപിയുടെ മുന്‍ സഖ്യ കക്ഷിയായിരുന്നു പവന്‍ കല്ല്യാണിന്റെ ജനസേന പാര്‍ട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here