Advertisement

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ബില്ലുകൾ മാറുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ് അതീവ രഹസ്യ നിർദേശം നൽകി

March 1, 2019
Google News 1 minute Read

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതി ഗുരുതരം. ബില്ലുകൾ മാറുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ധനവകുപ്പ് അതീവ രഹസ്യ നിർദേശം നൽകി. ശമ്പളവും പെൻഷനും നൽകാനുള്ള പണമേ ഇപ്പോൾ ട്രഷറിയിലുള്ളൂ.

രണ്ടായിരത്തിലെ പ്രതിസന്ധി ഘട്ടത്തിനു തുല്യമാണ് നിലവിലെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. ട്രഷറി പൂട്ടേണ്ട ഗുരുതര സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് . ട്രഷറിയിൽ ശേഷിക്കുന്നത് 4000 കോടി രൂപമാത്രം. ശമ്പളവും പെൻഷനും നൽകാൻ ഇത്രയും തുക വേണം. ക്ഷേമ പെൻഷനുകൾക്കും ബില്ലുകൾ മാറാനും പണമില്ല . സാമ്പത്തിക വർഷാവസാനം പ്രഖ്യാപിച്ച ട്രഷറി നിയന്ത്രണം വരും മാസങ്ങളിലും വേണ്ടി വരുമെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിലാണ് ധനവകുപ്പ് അതീവ രഹസ്യ സർക്കുലർ വകുപ്പു സെക്രട്ടറിമാർക്ക് കൈമാറിയത് .അടിയന്തര പ്രാധാന്യമുള്ള ബില്ലുകൾക്ക് മാത്രം അനുമതി നൽകുക, അല്ലാത്തവ അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റിവയ്ക്കുക.

Read Also : സംസ്ഥാനത്ത് ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

പൊതുമേഖലാ സ്ഥാപനങ്ങളുടെയും മറ്റ് സ്വയംഭരണ സ്ഥാപനങ്ങളുടേയും പദ്ധതി തുക പോലും തടഞ്ഞുവയ്ക്കാനാണ് നിർദ്ദേശം. ബില്ലുകൾ ട്രഷറിയിൽ എത്തുന്നതിനു മുൻപേ തടയുകയാണ് ഇത്തരമൊരു സർക്കുലറിലൂടെ ധനവകുപ്പ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ 61% പദ്ധതിനിർവഹണമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. . മറ്റ് സർക്കാർ വകുപ്പുകളിൽ ഇത് 50 ശതമാനം മാത്രം. ട്രഷറി നിയന്ത്രണം വരുന്ന മാസങ്ങളിലേക്ക് കൂടി നീട്ടുന്ന സാഹചര്യത്തിൽ ഈ സാമ്പത്തികവർഷം മരാമത്ത് ,ജല അതോറിറ്റി കരാറുകാർക്ക് പണം ലഭിക്കില്ല.പ്രതിസന്ധി മറികടക്കാൻ 1800 കോടിയോളം കടമെടുക്കാൻ സംസ്ഥാനം ശ്രമിച്ചിരുന്നു. എന്നാൽ വായ്പാപരിധി ഉയർത്താൻ കേന്ദ്രം തയ്യാറല്ല. ഇത് പ്രതിസന്ധി കൂടുതൽ വഷളാക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here