ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ‘ജയ് ഹിന്ദ്’ ട്വീറ്റ് ചെയ്തു; പ്രിയങ്ക ചോപ്രയെ യുണിസെഫ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പ്രശംസിച്ച ബോളിവുഡ് താരം പ്രിയങ്ക ചോപ്രക്കെതിരെ പാക്കിസ്ഥാനികള്‍ രംഗത്ത്. ഐക്യരാഷ്ട്രസഭയുടെ യുണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ പദവിയില്‍ നിന്നും പ്രിയങ്കയെ നീക്കം ചെയ്യണമെന്ന നിവേദനമാണ് പാക്കിസ്ഥാനികള്‍ സമൂഹമാധ്യമങ്ങളിലൂടെ മുന്നോട്ടുവെക്കുന്നത്.

പാക്കിസ്ഥാനിലെ മൂന്നിടങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റ് പ്രിയങ്ക പോസ്റ്റു ചെയ്തിരുന്നു. രണ്ട് ആണവ ശക്തികളായ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ പ്രിയങ്ക ചോപ്ര ഒരു രാജ്യത്തിനൊപ്പം നിലനിന്നത് തെറ്റാണെന്ന് പാക്കിസ്ഥാനികള്‍ പറയുന്നു. ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം നാശത്തിലേക്ക് നയിക്കുമെന്നും യുണിസെഫ് അംബാസഡര്‍ എന്ന നിലയില്‍ പ്രിയങ്ക നിഷ്പക്ഷമായ നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും നിവേദനത്തില്‍ അഭിപ്രായം ഉയര്‍ന്നു.

അതേസമയം, നിവേദനത്തില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് ഒന്നുംതന്നെ പരാമര്‍ശിക്കുന്നില്ല. 83000 ഓളം പേരാണ് നിവേദനത്തില്‍ ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്. 2016 ഡിസംബറിലായിരുന്നു പ്രിയങ്ക യുണിസെഫിന്റെ ഗുഡ് വില്‍ ബ്രാന്‍ഡ് അംബാസഡറാകുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More