Advertisement

എനിക്ക് സൗകര്യമുള്ള സമയത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിടുന്നത്; മുല്ലപ്പളളിക്ക് ബല്‍റാമിന്‍റെ മറുപടി

March 3, 2019
Google News 1 minute Read

സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ഉപദേശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് മറുപടിയുമായി വിടി ബല്‍റാം. ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം തുറന്നടിച്ചത്.

പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫെയ്സ്ബുക്കില്‍ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്ന് ബല്‍റാം തുറന്നടിച്ചു.

ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം മുല്ലപ്പള്ളിയ്ക്ക് മറുപടി നല്‍കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിനെയും കമന്‍റിനെയും ചൊല്ലി എഴുത്തുകാരി കെആര്‍ മീരയും ബല്‍റാമും തമ്മില്‍ നടന്ന പോര് അതിരു കടന്നപ്പോഴാണ് ബല്‍റാമിനെതിരെ മുല്ലപ്പള്ളി വിമര്‍ശനവുമായി എത്തിയിരുന്നത്. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്നായിരുന്ന മുല്ലപ്പള്ളിയുടെ ഉപദേശം. കെ ആർ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ല. അധിക്ഷേപസ്വരത്തിൽ പൊതുപ്രവർത്തകർ സംസാരിക്കുന്നത് നല്ല ലക്ഷണമല്ല. ബൽറാമിനോട് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ബല്‍റാമിനെതിരായ വിമര്‍ശനത്തിനിതെരെ ബല്‍റാം അനുകൂലികള്‍ ഫേസ്ബുക്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രംഗത്ത് വന്നിരുന്നു ഇതിനു പിന്നാലെയാണ് ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കാസര്‍കോട്ടെ കൊലപാതകത്തില്‍ കെ ആര്‍ മീര ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ മൗനം ചോദ്യം ചെയ്ത വിടി ബല്‍റാമിനെതിരെ കെ ആര്‍ മീര പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെയാണ് ഇരുവരും തമ്മില്‍ വാക്പോര് തുടങ്ങിയത്.

കെ ആര്‍ മീരക്ക് മറുപടിയായി പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പം പോലും ഭേദഗതി വരുത്താതെ പറയണമെന്ന് ബല്‍റാം തിരിച്ചടിച്ചതിന് പിന്നാലെ കെ ആര്‍ മീരക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം തുടങ്ങുകയായിരുന്നു. ബല്‍റാമിന്‍റെ അശ്ലീല ചുവയുള്ള പരാമര്‍ശത്തിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read More: ‘ബല്‍റാം ഒടിച്ചത് ഇടതുപക്ഷ ക്വട്ടേഷന്‍ ടീമിന്റെ കൈയിലെ മൊറാലിറ്റി അളവുകോല്‍’: പിന്തുണയുമായി പി കെ ഫിറോസ്

വിടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച
പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം. പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം
കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച. പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന PWD റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു.

ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ. പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം. അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.
കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം.
രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.

ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഡിസിസി പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫെയ്സ്ബുക്കില്‍ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here