ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; സൗദിയിലുണ്ടായത് ഒന്നരലക്ഷത്തിലേറെ അപകടങ്ങള്‍

സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. ഒന്നര ലക്ഷത്തിലേറെ അപകടങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. സൗദി സ്റ്റാന്‍ഡേര്‍ഡ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ അഥവാ സാസോ നടത്തിയ സര്‍വേ പ്രകാരം രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളുടെ പ്രധാന കാരണം വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണ്. 1,61,242 വാഹനാപകടങ്ങള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ സംസാരിക്കുക, മെസ്സേജുകള്‍ വായിക്കുക, മെസ്സേജുകള്‍ അയക്കുക തുടങ്ങിയവ മൂലം ഡ്രൈവിങ്ങിലെ ശ്രദ്ധ ഇല്ലാതാകുന്നു. തുടര്‍ച്ചയായ മുന്നറിയിപ്പുകളും ബോധവല്‍ക്കരണങ്ങളും ഉണ്ടായിട്ടും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ അപകടം പലരും തിരിച്ചറിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Read Also: സൗദിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടത് പത്തരലക്ഷം വിദേശികള്‍ക്ക്
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ നൂറ്റിയമ്പത് മുതല്‍ മുന്നൂറു റിയാല്‍ വരെ പിഴയാണ് ഇപ്പോള്‍ ഈടാക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരുപത്തിനാല് മണിക്കൂര്‍ വരെ തടവില്‍ കഴിയേണ്ടി വരും. വാഹനങ്ങളില്‍ ഘടിപ്പിച്ച എയര്‍ ബാഗ് മൂലം അപകടമരണനിരക്ക് പന്ത്രണ്ട് ശതമാനം കുറഞ്ഞതായും സാസോ വെളിപ്പെടുത്തി. നാല്പത് മുതല്‍ അറുപത് ശതമാനം വരെ അപകടമരണ നിരക്ക് കുറക്കുന്നത് സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് കാരണമാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞ വര്‍ഷം മുതലുള്ള വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഘടിപ്പിക്കാന്‍ സാസോ നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാര്‍ക്കും എയര്‍ ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ബ്രേക്ക് ഓവറൈഡ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റാബിലിറ്റി കണ്ട്രോള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിങ്ങ് സിസ്റ്റം തുടങ്ങിയവ വാഹനങ്ങളില്‍ നിര്‍ബന്ധമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here