സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ബിഡിജെ എസ് സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ചേരും

ലോക സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ബിഡിജെ എസ് സംസ്ഥാന കൗൺസിൽ യോഗം ഇന്ന് ആലപ്പുഴയിൽ ചേരും. ബിഡിജെ എസിൽ ഉണ്ടായ പിളർപ്പ് സംബന്ധിച്ച ചർച്ചകളും യോഗത്തിലുണ്ടാകും.
രാവിലെ 11 ന് കണിച്ചിക്കുളങ്ങരയിലാണ് സംസ്ഥാന കൗൺസിൽ യോഗം നടക്കുക. എൻഡിഎയിലെ സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിൽ 4 സീറ്റുകൾ ബിഡിജെ എസിന് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. തുഷാർ വെള്ളപ്പുള്ളിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായാൽ വിജയ സാദ്ധ്യത കണക്കിലെടുത്ത് അഞ്ചാമത്തെ സീറ്റ് നൽകാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്. ആലത്തൂർ, ഇടുക്കി, വയനാട്, എറണാകുളം സീറ്റുകൾക്കൊപ്പം തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി പാർട്ടി ആവശ്യപ്പെടുന്ന മണ്ഡലം നൽകാനാണ് മുന്നണിയിൽ ധാരണയായതെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ തുഷാർ മൽസരിക്കണമോ എന്ന കാര്യവും, ഇപ്പോൾ ലഭിച്ചിരിക്കുന്ന സീറ്റുകളിൽ ആകരാക്കെ സ്ഥാനാർത്ഥിയാകും എന്നകാര്യത്തിലും എന്നത്തെ സംസ്ഥാന കൗൺസിൽ തീരുമാനമെടുക്കും. അതേസമയം ബിഡിജെ എസിലുണ്ടായ പിളർപ്പിനെ തുടർന്നുള്ള രാഷ്ട്രീയ സാഹചര്യം യോഗം വിലയിരുത്തും. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ചൂഴാൽ ജി നിർമ്മലിന്റെ നേതൃത്വത്തിൽ ബിഡിജെ എസ് പിളർന്ന് ബിഡിജെ എസ് ഡെമോക്രാറ്റിക് എന്ന പുതിയ പാർട്ടി കഴിഞ്ഞ ദിവസം രൂപം കൊണ്ടിരുന്നു.
പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്നും നേതാക്കളുടെ ഏകാധിപത്യ നടപടികളാണ് പിളർപ്പിലേക്ക് നയിച്ചതെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് പുതിയ പാർട്ടി രൂപീകരിച്ചവർ ബിഡിജെ എസ് നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിഷയം ഏറെ ഗൗരവത്തോടെ ഇന്നത്തെ യോഗം ചർച്ച ചെയും. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ യുടെ തന്നെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നൽകുന്ന നീക്കങ്ങളാണ് ഉണ്ടായത് എന്നതിനാൽ വരുന്ന മുന്നണി യോഗത്തിലും ബി ഡി ജെഎസ് നേതൃത്വത്തിന് പിളർപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കേണ്ടിവരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here