Advertisement

മുകേഷ് ഗായകനാകുന്നു; ആദ്യഗാനം ഗോവന്‍ സ്റ്റൈലില്‍

March 6, 2019
Google News 1 minute Read

സിനിമ താരം മുകേഷ് നാലു പതിറ്റാണ്ടു നീണ്ട സിനിമ ജീവിതത്തിൽ ആദ്യമായി ഒരു ഗാനം ആലപിക്കുന്നു, മാധ്യമ പ്രവർത്തകൻ ശ്രീ സുജിത് വിഘ്‌നേശ്വർ ആദ്യമായി സംവിധാനം ചെയ്യുന്ന ” രമേശൻ ഒരു പേരല്ല”എന്ന ചിത്രത്തിന് വേണ്ടി ഒരു ഗോവൻ സ്റ്റൈൽ ഗാനം ആണ് ആലപിച്ചിരിക്കുന്നത് , ജെമിനി ഉണ്ണികൃഷ്ണൻ ആണ് സംഗീത സംവിധാനം.

മണികണ്ഠൻ പട്ടാമ്പി ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കാലത്തിന്റെ യാത്ര സഹായി ആണല്ലോ ഓൺലൈൻ ടാക്സികൾ, ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ ജീവിതത്തിൽ നടക്കുന്ന കഥയാണ് “രമേശൻ ഒരു പേരല്ല”.

Read More: വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കാഞ്ഞത് മുകേഷ്; ഷമ്മി തിലകന്‍

വളരെ ഏറെ സാമൂഹ്യ പ്രസക്തി ഉള്ള ഒരു വിഷയം ആണ് രമേശൻ ഒരു പേരല്ല കൈകാര്യം ചെയ്യുന്നത്. സാഹചര്യങ്ങൾ കൊണ്ട് ജീവിതം ദിശ മാറി സഞ്ചരിക്കുന്നത് പലരുടെയും ജീവിതത്തിൽ നാം കണ്ടിട്ടുണ്ട്. ഓരോ വ്യക്തിയും അവനവൻ ചെയ്യാനുള്ള കർത്തവ്യങ്ങൾ കൃത്യമായി ചെയ്താൽ ഒരു പക്ഷേ നമ്മുടെ പലരുടെയും ജീവിതം ഇന്ന് അനുഭവിക്കുന്നതിനേക്കാൾ ഉയർന്ന നിലയിൽ ആയിരിക്കും. നമ്മുടെ സുഹൃത്തിനോ പരിചയക്കാരനോ എന്ത് സംഭവിച്ചാലും വേണ്ടില്ല , എന്റെ ജീവിതം നന്നായിരിക്കണം എന്ന് കരുതുന്ന ഒരു സമൂഹം ദിനം പ്രതി വളർന്നു വരുന്നു. ഇത്തരത്തില്‍ ഇരകളാക്കപ്പെടുന്ന ഓരോ വ്യക്തികളിലും അവരുടെ സാമൂഹിക  ജീവിത അവസ്ഥകളിൽ ഒരുപാടു മാറ്റങ്ങൾ സംഭവിക്കുന്നു, പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും. അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതം ആണ് ചിത്രത്തിന്‍റെ പ്രമേയം.ഇടത്തരം കുടുംബത്തിലെ ഒരു വ്യക്തിയും, അയാളുടെ കുടുംബവും കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളാണ് ചിത്രത്തില്‍ തുറന്നുകാട്ടുന്നത്.

മണികണ്ഠൻ പട്ടാമ്പി ആണ് രമേശൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, തികച്ചും വ്യത്യസ്തമായ ഒരു രീതിയിൽ ആണ് മണികണ്ഠനെ ഈ സിനിമയില്‍ൽ അവതരിപ്പിച്ചിരിക്കുന്നത്. റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലെർ ഗണത്തില്‍ പെടുന്നതാണ് ഈ ചിത്രം. 2017- ഓഗസ്റ്റ് 15 നു ഇന്ത്യ 71-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ദിവസം രമേശന്റെ ജീവിതം, തികച്ചും അപ്രതീക്ഷിതമായ വഴികളിലൂടെ പുതിയ ദിശയിൽ നീങ്ങുന്നു. ഇതാണ് ആണ് പ്രമേയത്തിന്റെ ഉള്ളടക്കം. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന നിയമ സംവിധാനത്തിലെ അപചയങ്ങളെ തുറന്നു കാട്ടുന്ന ചിത്രം ആണ് “രമേശൻ ഒരു പേരല്ല”.

നടൻ മുകേഷിന്റെ സഹോദരീ പുത്രൻ ആയ ദിവ്യദർശൻ ദേവൻ എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം കൈകാര്യം ചെയുന്നു, കൂടാതെ രാകേഷ് ശർമ്മ സ്വാതന്ത്ര്യം അർധരാത്രയിൽ എന്ന ചിത്രത്തിന് ശേഷം ശക്തമായ ഒരു പോലീസ് ഓഫീസറെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ കൃഷ്ണ കുമാർ ,കൃഷ്ണൻ ബാലകൃഷ്ണൻ, അരുൺ നായർ ,ദേവേന്ദ്ര നാഥ് ,സുരേഷ് പ്രേം,ശൈലജ ,മിനി ഐ.ജി , തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്കൂൾ ഓഫ് ഡ്രാമ യിലെ ഒരു കൂട്ടം കലാകാരൻമാർ ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയാണ്.

മലയാള ദൃശ്യ മാധ്യമ രംഗത്തും കാനേഡിയൻ ദൃശ്യ മാധ്യമ രംഗത്തുമുളള പ്രവർത്തി പരിചയവും, സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദാനന്തര ബിരുദവും, നേടിയാണ് സംവിധയകൻ സുജിത് വിഘ്‌നേശ്വർ സിനിമ രംഗത്തേക്ക് വരുന്നത്. മിന്നാമിനുങ്ങിനു വേണ്ടി ക്യാമറ ചലിപ്പിച്ച സുനിൽ പ്രേം ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജമിനി ഉണ്ണികൃഷ്ണൻ സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്: അർജുൻ മേനോൻ നിർവഹിച്ചിരിക്കുന്നു. കലാ സംവിധാനം : ജ്യോതിഷ് ശങ്കർ,നിശ്ചല ഛായാഗ്രഹണം ബോണി പണിക്കർ, ഗ്രാഫിക്സ് അശോക് സി.കെ.

ചിത്രം കേരളത്തിലെ പ്രമുഖ തിയറ്ററുകളിൽ ഉടൻ പ്രദർശനത്തിന് എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here