ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്നും പ്രവര്‍ത്തനരഹിതം; സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്നും പ്രവര്‍ത്തനരഹിതം. ഇന്നലെ മുതല്‍ വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെ സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
Read more: ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു
ഇന്നലെ രാവിലെ മുതല്‍ വെബ്‌സൈറ്റ് ലഭ്യമായിരുന്നില്ല. വെബ്‌സൈറ്റ് ഉള്ളടക്കത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗലെ മെര്‍ക്കലിനൊപ്പം നില്‍ക്കുന്ന ജിഫ് ചിത്രമായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബൊഹിമിയന്‍ റാപ്‌സഡി എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഒരു വീഡിയോ രംഗവും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ സൈറ്റ് തടസപ്പെട്ടതില്‍ ഖേദിക്കുന്നുവെന്നും ഉടന്‍ തകരാര്‍ പരിഹരിക്കപ്പെടുമെന്നും എഴുതികാണിച്ചു.
ഇന്നലത്തെ അവസ്ഥ ഇന്നും തുടരുകയാണ്. ഇതിനിടെയാണ് സഹായ ഹസ്തവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ദീര്‍ഘനേരത്തേക്ക് പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടു. തിരിച്ചു വരുന്നതിന് നിങ്ങള്‍ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ അതിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദിവ്യ സ്പന്ദന ഉള്‍പ്പെടെ ട്വീറ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here