Advertisement

സിപിഎം സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

March 6, 2019
0 minutes Read

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് 9 ന് പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാര്‍ച്ച് 8 ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സീറ്റ് വിഭജനക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയക്കാര്യത്തില്‍ പാര്‍ട്ടിക്ക് മുന്‍വിധികളില്ല. ജയ സാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. പോളിറ്റ് ബ്യൂറോയുടെ കൂടി അംഗീകാരം ലഭിച്ച ശേഷം ശനിയാഴ്ച ഔദ്യോഗിക  പ്രഖ്യാപനമുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സീറ്റുകള്‍ക്ക് വേണ്ടി ഘടകകക്ഷികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ ആരും മുന്നണി വിടാന്‍ പോകുന്നില്ല. മുന്നണിയിലേക്ക് കൂടുതല്‍ ആളുകളെത്താനാണ് സാധ്യതയെന്നും കോടിയേരി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. സര്‍ക്കാരിനു നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. വിചിത്രമായ ലേല നടപടികളാണ് ഇത്തവണയുണ്ടായിരുന്നത്. അദാനിക്കു വേണ്ടിയുള്ള വ്യവസ്ഥകളായിരുന്നു ഇതെല്ലാമെന്നും കോടിയേരി ആരോപിച്ചു. അദാനിക്ക് വിമാനത്താവളം ലഭിക്കുമ്പോള്‍ യൂസേഴ്‌സ് ഫീ ഇനത്തില്‍ കോടിക്കണക്കിനു രൂപയുടെ ലാഭമാണ് കിട്ടുക. 112 കോടി രൂപ മാത്രമാണ് അദാനി വര്‍ഷം അങ്ങോട്ട് കൊടുക്കേണ്ടത്. 6912 കോടി രൂപ വിമാനം ലാന്റ് ചെയ്യുന്നതിന് അദാനിക്ക് കിട്ടും.നടത്തിപ്പില്‍ മുന്‍ പരിചയം വേണ്ടെന്ന നിബന്ധന വെച്ചത് അദാനിയെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

അദാനിക്ക് നടത്തിപ്പ് ചുമതല നല്‍കിയതില്‍ സമഗ്രമായ അന്വേഷണം നടത്തണം. വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എല്ലാ പാര്‍ട്ടികളും ഒരുമിച്ചു നിന്നു പോരാടണം. ഈ വിഷയത്തില്‍ തിരുവനന്തപുരം എം.പി ശശി തരൂര്‍ സ്വീകരിക്കുന്ന മൗനം ദുരൂഹമാണ്. ശശി തരൂര്‍ ഇതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നു പോലും സംശയിക്കുന്നതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top