വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനൊരുങ്ങി കരിപ്പൂര്‍ വിമാനത്താവളം

കരിപ്പൂരിൽ നിന്നും ദുബായിലേക്ക് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന് വിമാനത്താവളം സജ്ജമെന്ന് റിപ്പോർട്ട്. എമിറേറ്റ്സ് സംഘം കരിപ്പൂരിലെത്തി നടത്തിയ പരിശോധനയിലാണ് തൃപ്തികരമെന്ന് കണ്ടെത്തിയത്. രണ്ടു മാസത്തിനകം എമിറേറ്റ്സ് സര്‍വീസ് ആരംഭിക്കും.
സൗദി എയര്‍ലൈന്‍സിനും എയര്‍ഇന്ത്യക്കും പിന്നാലെയാണ് എമിറേറ്റ്സും വലിയ വിമാനങ്ങളുമായി ദുബായിലേക്ക് പറക്കാന്‍ ഒരുങ്ങുന്നത്. വിമാനത്താവളം സന്ദര്‍ശിച്ച എമിറേറ്റ്‌സ് സംഘം പരിശോധനകൾ നടത്തി തൃപ്തികരമാണെന്ന് എയർപോർട്ട് അതോറിറ്റിയെ അറിയിക്കുകയായിരുന്നു. നേരത്തെ എയർ ഇന്ത്യക്കായി സമർപ്പിച്ച റിപ്പോർട്ടിൽ എമിറേറ്റ്സ് വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് എയർപോർട്ട് അതോറിറ്റിയും വിമാനക്കമ്പനിയും ചേർന്ന് തയ്യാറാക്കും. കേന്ദ്ര അനുമതി കൂടി ലഭിച്ചാൽ കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് വലിയ വിമാനങ്ങളുമായി രണ്ടു മാസത്തിനകം എമിറേറ്റ്സ് സര്‍വീസ് ആരംഭിക്കും.
Read More: കരിപ്പൂരിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന്
എമിറേറ്റ്സ് വൈസ് പ്രസിഡൻറ് മോഹൻ ശർമ, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻ എഞ്ചിനീയർ മന്ദാർ വേലാങ്കർ എന്നിവരടങ്ങുന്ന സംഘമാണ് കരിപ്പൂരിലെത്തി പരിശോധന നടത്തിയത്. പുതിയ സർവീസുകളുമായി കൂടുതൽ കമ്പനികളെത്തുന്നത് കരിപ്പൂരിന്റെ ചിറകുകൾക്ക് വീണ്ടും ജീവൻ പകരും. പുതിയ ടെർമിനലിനോടൊപ്പം വലിയ വിമാനങ്ങൾ കൂടി എത്തുന്നതോടെ കരിപ്പൂരിനെ ആശ്രയിക്കുന്നവർക്കും ഉപകാരപ്രദമാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here