റഫാല്‍: മോദിക്കെതിരെ എഫ്‌ഐആര്‍ ചുമത്താന്‍ സമയമായെന്ന് കോണ്‍ഗ്രസ്

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫ്രഞ്ച് വിമാനക്കമ്പനി ഡാസോ ഏവിയേഷനെ സഹായിക്കാന്‍ മോദി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും പൊതുപണം നഷ്ടപ്പെടുത്തിയെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.
റഫാലുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അഴിമതി നടന്നതായി തെളിഞ്ഞു. ഇത് അഴിമതി നിരോധന നിയമത്തിന്റെ ലംഘനമാണ്. ഇന്ത്യന്‍ പീനല്‍കോഡിന്റെ വിവിധ വകുപ്പുകളും ഇതില്‍ ചേര്‍ക്കാവുന്നതാണ്. മോദിക്കും മറ്റുള്ളവര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി അധികാരത്തിന്റെ ഉന്നത സ്ഥാനത്തുള്ളവരേയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റഫാലുമായി ബന്ധപ്പെട്ട് രേഖകള്‍ ഇപ്പോള്‍ പൊതുജനമധ്യത്തിലാണ്. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദിക്കാണ്. പ്രധാനന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ ഉള്‍ക്കൊള്ളിക്കാനോ വിമാനത്തിന്റെ സാങ്കേതിക വിദ്യ കൈമാറാനോ റഫാല്‍ ഇടപാടുവഴി കഴിയില്ലെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി.
ഐഎന്‍ടിയെ മറികടന്ന് മോദി നേരിട്ടാണ് കൂടിയാലോചനകള്‍ നടത്തിയത്. അവസാനവട്ട കൂടിയാലോചനകള്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് നടന്നത്. അന്തിമ കരാര്‍ 2016 ജനുവരി 13 ന് ഒപ്പിട്ടു. ഇതോടെ മോദി സര്‍ക്കാരിന്റെ വലിയൊരു കള്ളത്തരമാണ് പൊളിഞ്ഞതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here