Advertisement

‘പിടികിട്ടാപ്പുള്ളിയാക്കിയത് വെടിവെച്ചു കൊന്നതിന് ശേഷം’; ജലീലിന്റെ സഹോദരന്‍ സിപി റഷീദ് ട്വന്റിഫോറിനോട്

March 7, 2019
Google News 0 minutes Read

-സി പി റഷീദ്/ രതി വി കെ

ഇന്ന് രാവിലെയാണ് വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് അംഗം ജലീല്‍ ഏറ്റുമുട്ടലില്‍  കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വയനാട് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടുമായി നടത്തിയ ഏറ്റമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസ് നല്‍കിയ ഔദ്യോഗിക വിശദീകരണം. മാവോയിസ്റ്റ് ഗ്രൂപ്പിലെ കബനീദളം അംഗമായ ജലീലാണ് കൊല്ലപ്പെട്ടതെന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സ്ഥിരീകരണമുണ്ടായത്. മറ്റൊരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതാരാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.

ജലീലിന്റെ മൃതദേഹത്തിന്റെ കിടപ്പും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ വ്യാജഏറ്റുമുട്ടലാണോ നടന്നതെന്ന സംശയം ഉണ്ടെന്ന്  ജലീലിന്റെ ജേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സി പി റഷീദ് പറയുന്നു. മാവോയിസത്തിന് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുമുണ്ട്. അതില്‍ ആകൃഷ്ടനായി പ്രവര്‍ത്തിച്ചു വന്നിരുന്ന ജലീലിനെതിരെ ഒരു കേസു പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റഷീദ് ട്വന്റിഫോറിനോട് പറഞ്ഞു.

പിടികിട്ടാപ്പുള്ളിയാക്കിയത് വെടിവെച്ചു കൊന്നതിന് ശേഷമാണ്. അവനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പൊലീസ് പ്രവര്‍ത്തിച്ചത്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ജലീലിനെ അറസ്റ്റു ചെയ്താല്‍ മതിയായിരുന്നു. അല്ലെങ്കില്‍ മുട്ടിന് താഴെ വെടിവെയ്ക്കാമായിരുന്നു.

സഹോദരന്‍ എന്നതിലുപരി സാമൂഹിക, കലാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തനനിരതനായിരുന്ന ഒരു ആക്ടിവിസ്റ്റിനെ കൊന്നു തള്ളിയതിനെ ചോദ്യം ചെയ്യുകയാണ് റഷീദ്. ഒപ്പം അധികം ആര്‍ക്കും അറിയാത്ത ജലീലിനെക്കുറിച്ചും റഷീദ് സംസാരിക്കുന്നു.

മുട്ടിന് താഴെ വെടിവെയ്ക്കാമായിരുന്നു, കൊല്ലണമെന്നു തന്നെയായിരുന്നു അവരുടെ ഉദ്ദേശ്യം

ജലീലിനെതിരെ നടന്നത് വ്യാജ ഏറ്റമുട്ടലാണ്. മൃതദേഹത്തിന്റെ കിടപ്പില്‍ നിന്നും അത് വ്യക്തമാണ്. കരുതിക്കൂട്ടിയുള്ള നാടകമാണ് പൊലീസ് കളിച്ചത്. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടിയെന്നാണ് പൊലീസ് പറയുന്നതെങ്കില്‍ അവനെ അവര്‍ക്ക് അറസ്റ്റു ചെയ്യാമായിരുന്നു. അല്ലെങ്കില്‍ മുട്ടിന് താഴെ വെടിവെച്ചാല്‍ മതിയായിരുന്നു. നാലോ അഞ്ചോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കില്‍ എന്തിന് വെടിവെച്ചു? കീഴടക്കാമായിരുന്നില്ലേ? കൊല്ലണമെന്ന് തന്നെയായിരുന്നു അവരുടെ ഉദ്ദേശ്യം. മറ്റൊരു മാവോയിസ്റ്റ് കൂടി മരിച്ചതായി പൊലീസ് പറയുന്നുണ്ട്. അതാരാണെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. മൃതദേഹം ഉണ്ടെങ്കില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ ഉണ്ടെങ്കില്‍ പറയണമെന്നും പറഞ്ഞു. എന്നാല്‍ പൊലീസിന്‍രെ ഭാഗത്തു നിന്നും അനുകൂല നടപടിയല്ല ഉണ്ടായത്. സര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്. എന്ത് ജനാധിപത്യ ഭരണമാണിത്.

നാല് വര്‍ഷമായി അവന്‍ മാവോയിസ്റ്റ് സജീവ പ്രവര്‍ത്തകനാണ്

നാല് വര്‍ഷത്തോളമായി ജലീല്‍ മാവോയിസ്റ്റ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാണ് അവന്‍ മാവോയിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായതെന്ന് അറിയില്ല. വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. 2016 ല്‍ കുപ്പുദേവരാജിനും അജിതയ്ക്കുമെതിര നടന്ന വെടിവെയ്പില്‍ ജലീല്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ജലീലിനെക്കുറിച്ച് യാതൊരു വിവരവും അന്ന് ലഭിച്ചിരുന്നില്ല. അവനെതിരെ ഏതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തതായി ഇതുവരെ അറിയില്ല. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയോ ഫോട്ടോ പൊലീസ് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ഒരാളെയാണ് അവര്‍ നിഷ്ഠൂരമായി കൊന്നു തള്ളിയത്.

ചെഗുവേരയുടെ കാര്യത്തില്‍ മാത്രമല്ല, ജലീലിന്റെ കാര്യത്തിലും അഭിമാനമുണ്ട്

വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു ജലീല്‍. പ്രീഡിഗ്രി വരെയാണ് അവന്‍ പഠിച്ചിട്ടുള്ളത്. പഠിക്കാന്‍ മിടുക്കനായിരുന്നു. നാടകങ്ങള്‍ നടത്തുകയും പാട്ടുപാടുമൊക്കെ ചെയ്തിരുന്നു. ധാരാളം വായിക്കുമായിരുന്നു. നല്ല പൊളിറ്റിക്കല്‍ ധാരണയുണ്ടായിരുന്ന ആളാണ്. എല്ലാ കാര്യങ്ങളിലും അവര്‍ ഭയങ്കര ആക്ടീവായിരുന്നു. കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായ സമയത്ത് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകുകയാണ് ചെയ്തത്. എസ്എഫ്‌ഐയുടെ ഭാഗമായൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതൊന്നും ശരിയല്ലെന്ന് തോന്നിയതുകൊണ്ടാകാം പിന്നീട് മാവോയിസത്തിലേക്ക് തിരിഞ്ഞത്. ഒരിക്കല്‍ കോണ്‍ട്രാക്ട് എടുത്ത് കിട്ടിയ ലാഭം മുഴുവനും തൊഴിലാളികള്‍ക്ക് വീതം വെച്ചു നല്‍കിയ സംഭവമുണ്ടായി. പൊലീസുകാര്‍ക്ക് അവനോട് പണ്ടു മുതലേ പകയുണ്ട്. അവന്റ രാഷ്ട്രീയ നിലപാടുകളാണ് അതിന് കാരണമാക്കിയത്. ചെഗുവേരയുടെ കാര്യത്തില്‍ മാത്രമല്ല ജലീലിന്റെ കാര്യത്തിലും എനിക്ക് അഭിമാനമുണ്ട്

പൊലീസ് ഭീകരമായിട്ടാണ് ഞങ്ങളെ കൈകാര്യം ചെയ്തത്

ഞങ്ങള്‍ ഒന്‍പത് മക്കളാണ്. ആറ് ആണും മൂന്ന് പെണ്ണും. ഞങ്ങളുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. പെണ്‍ മക്കളും ആണ്‍ മക്കളില്‍ ഒരാളും ഒഴികെ ബാക്കിയെല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ഇതിന്‍ സി പി ഇസ്മയില്‍ നിലവില്‍ ജയിലിലാണ്. മൂത്ത സഹോദരന്‍ സി പി മൊയ്തീന്‍ സ്‌ക്വാഡിലുണ്ട്. ഞങ്ങള്‍ മക്കള്‍ എല്ലാവരും ചെറുപ്പം മുതല്‍ പലതരത്തിലുള്ള ആക്ടിവിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങള്‍ നോട്ടപ്പുള്ളികളായിരുന്നു. പൊലീസ് ഭീകരമായിട്ടാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

അവന്റെ ശരീരത്തില്‍ ഒന്നു തൊടാന്‍ മാത്രമാണ് കഴിഞ്ഞത്

ഇന്ന് രാവിലെയാണ് ജലീല്‍ മരിച്ചത് അറിയുന്നത്. രാവിലെ 10 മണിയോടെ ഇവിടെയെത്തി. അവന്റെ മൃതദേഹം കാണണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്നാണ് കല്‍പ്പറ്റയില്‍ എത്തി കളക്ടര്‍ക്ക് പരാതി നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ പൊലീസ് ഇങ്ങോട്ടുവിളിച്ച് മൃതദേഹം കാണാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞു. ഉച്ചയ്ക്ക് 12.30 മുതല്‍ ഒരു മണി വരെ കാത്തുനിന്നു. മൃതദേഹം കാണാന്‍ അനുവദിച്ചില്ല. ഒരു മണിക്ക് ശേഷമാണ് മൃതദേഹം കാണാന്‍ അനുവാദം നല്‍കിയത്. ഇന്‍ക്വസ്റ്റ് പുരോഗിക്കുന്നതിനിടെ, അവന്റെ ശരീരത്തില്‍ ഒന്നു തൊടാന്‍ മാത്രമാണ് സാധിച്ചത്. വെടിവെയ്പില്‍ പങ്കെടുത്ത പൊലീസുകാരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആവശ്യം. എസ്പിക്കും കളക്ടര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കി. നടപടിയുണ്ടായില്ലെങ്കില്‍ ജലീലിന് നീതി തേടി പ്രക്ഷോഭത്തിനൊരുങ്ങാനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here