Advertisement

മാവോയിസ്റ്റുകൾക്കെതിരെ നടപടിയെടുത്തത് നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയതിന്; പൊലീസിന്റെ പത്രക്കുറിപ്പ് പുറത്ത്

March 7, 2019
Google News 1 minute Read

സംസ്ഥാനത്തിൻറെ വടക്കൻ ജില്ലകളിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് അവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

വയനാട്ടിലെ വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്കിടി ഉപവൻ റിസോർട്ടിൽ ആയുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകൾ ബുധനാഴ്ച രാത്രി 8.30 ഓടെ എത്തുകയും പണം പിടിച്ചുവാങ്ങാനും ഭക്ഷണം കരസ്ഥമാക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. സായുധ പോലീസ് സംഘത്തെ കണ്ടപ്പോൾ അക്രമിസംഘം ആദ്യം അവർക്കുനേരേ വെടിവെച്ചു. തുടർന്നുണ്ടായ സംഘർഷത്തിനിടയിൽ ഒരാൾ മരണടയുകയുണ്ടായി. സി.പി. ജലീൽ എന്ന മാവോയിസ്റ്റ് പ്രവർത്തകനാണ് മരണമടഞ്ഞത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയൽ തല അന്വേഷണങ്ങൾ ഉടൻ ആരംഭിക്കുന്നതാണ്.

Read Also : വയനാട്ടില്‍ കൊല്ലപ്പെട്ടത് സി പി ജലീലെന്ന് പൊലീസ് സ്ഥിരീകരണം

സുശക്തമായ പോലീസ് സംഘം അന്വേഷണവും തിരച്ചിലും തുടരുകയാണ്. മൃതശരീരം ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘമാണ് പോസ്റ്റ് മോർട്ടം നടത്തുന്നത്. കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ, വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ആർ., എസ്.പി (ഓപ്പറേഷൻസ്) ദേബേഷ് കുമാർ ബെഹ്‌റ എന്നിവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മാവോയിസ്റ്റുകളിൽ നിന്നുള്ള ശല്യം മൂലം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വിവരിച്ച് നാട്ടുകാരും തൊഴിലാളികളും കച്ചവടക്കാരുമൊക്കെ സർക്കാരിനും പോലീസിനും ധാരാളം പരാതികൾ നൽകിയിരുന്നു. അർധരാത്രി വീടുകളിൽ മുട്ടിവിളിച്ച് ഭീഷണിപ്പെടുത്തുന്നതും പണവും ഭക്ഷണവും ചോദിച്ചുവാങ്ങുന്നതും പതിവായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലും ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമൊക്കെ കടന്നുകയറി പണം പിരിക്കുന്ന പ്രവണതയും അടുത്തിടെയായി വ്യാപകമാകുകയുണ്ടായി. ദേശവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ നാട്ടിൽ പലയിടത്തും പതിക്കുന്നതും സായുധസമരത്തിന് ആഹ്വാനം ചെയ്യുന്നതും ശ്രദ്ധയിൽ പെടുകയുണ്ടായി. നൂറ്റാണ്ടുകളായി വനത്തിൽ താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷവും പോലീസ് ഗൗരവമായി പരിഗണിച്ചു.

ഇതിൻറെ അടിസ്ഥാനത്തിൽ പോലീസിൻറെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷണം ശക്തിപ്പെടുത്തുകയും മാവോയിസ്റ്റ് പ്രവർത്തകരുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കുകയുമുണ്ടായി. രഹസ്യാന്വേഷണ വിഭാഗങ്ങൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാവോയിസ്റ്റുകൾക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്താൻ കർമ്മപദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് കഴിഞ്ഞ ഡിസംബർ മുതൽ വയനാട്, കോഴിക്കോട് റൂറൽ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓപ്പറേഷൻ അനക്കൊണ്ട എന്ന പേരിൽ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയത്. തണ്ടർ ബോൾട്ട്, ആൻറി നക്‌സൽ സ്‌ക്വാഡ്, ലോക്കൽ പോലീസ് എന്നിവയുടെ പൂർണ്ണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് സേനാംഗങ്ങളാണ് തിരച്ചിലിൽ പങ്കെടുക്കുന്നത്. മാവോയിസ്റ്റുകളുടെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുന്നതുവരെ അവർക്കെതിരെയുള്ള പോലീസ് നടപടികൾ തുടരും. സ്ഥലത്ത് സുശക്തമായ പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here