Advertisement

കുടക് നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ സുമലതയെ ക്ഷണിച്ച് ജെഡിഎസ്

March 8, 2019
Google News 1 minute Read

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൈസൂരു-കുടക് നിയോജക മണ്ഡലത്തില്‍ ജെഡിഎസ് സീറ്റില്‍ മത്സരിക്കാന്‍ സുമലതയ്ക്ക് ക്ഷണം. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡയും വ്യാഴാഴ്ചയാണ് സുമലതയെ ഇക്കാര്യം അറിയിച്ചത്.

കുമാരസ്വാമിയുടെ മകനും മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയുമായ നിഖില്‍ കുമാരസ്വാമിയും സുമലതയും തമ്മില്‍ ബെംഗളൂരുവില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുമലതയ്ക്ക് പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് സമ്മതം മൂളിയാല്‍ സുമലത മൈസൂരു-കുടക് സീറ്റില്‍ മത്സരിക്കുമെന്ന് ജെഡിഎസ് വക്താവ് വ്യക്തമാക്കി.

മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിര്‍പ്പുണ്ടെങ്കിലും ജെഡിഎസ് സുമലതയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. സുമലതയുടെ താരപരിവേഷവും അംബരീഷിനുണ്ടായിരുന്ന ജനസമ്മതിയും തിരഞ്ഞെടുപ്പിനെ തുണയ്ക്കുമെന്നാണ് ജെഡിഎസിന്റെ കണക്കുകൂട്ടല്‍.

Read More: കര്‍ണാടകയില്‍ കോണ്‍ഗ്രസിനോട് 10 സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഡിഎസ്

സീറ്റിനെ കുറിച്ച് വ്യക്തത ലഭിക്കുന്നതിനു മുമ്പ് തന്നെ സുമലത മാണ്ഡ്യ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സുമലത ആലോചിച്ചിരുന്നുവെന്നാണ്‌ സൂചന. മൈസൂരു-കുടക്, മാണ്ഡ്യ എന്നിവ കൂടാതെ എട്ട് സീറ്റുകള്‍ ജെഡിഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ബിജെപിയുടെ പ്രതാപ് സിംഹയാണ് മൈസൂരു-കുടക് എംപി. മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച് അന്തിമതീരുമാനമായിട്ടില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here