കേരളം ചര്‍ച്ച ചെയ്ത പെണ്‍ കരുത്തുകള്‍

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. കഴിഞ്ഞ ലോക വനിതാ ദിനത്തിന് ശേഷം കേരളം ചര്‍ച്ച ചെയ്ത, സമൂഹത്തെ പല വിധത്തില്‍ സ്വാധീനിച്ച നിരവധി സ്ത്രീകളുണ്ട്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് നിപ്പ വൈറസ് ബാധിതരായ രോഗികളെ പരിചരിച്ച് മരണം വരിച്ച ലിനി മുതല്‍ ദേവികുളം സബ്കളക്ടര്‍ രേണു രാജ് വരെ ആ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ ജനതയുടെ ചര്‍ച്ചയില്‍ ഏറ്റവും അധികം കടന്നുവന്ന വനതികളെ ഓര്‍മ്മിപ്പിക്കുകയാണ് ട്വന്‍ിഫോര്‍.
ലിനി, നിപ്പയുടെ ഇരയായ കോഴിക്കോടുകാരിയായ നഴ്‌സ്
നിപ്പ വൈറസ് കോഴിക്കോടും സമീപ ജില്ലയികളിലും പടര്‍ന്നു പിടിച്ചത് കേരള ജനത ഏറെ ആശങ്കയോടെയായിരുന്നു നോക്കി കണ്ടത്. നിപ്പ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനിടെയായിരുന്നു പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിക്ക് രോഗം ബാധിക്കുന്നത്. രോഗം ബാധിക്കുന്നതിന് മുന്നോടിയായി കൈക്കൊള്ളേണ്ട മുന്‍ കരുതലുകളെക്കുറിച്ച് അന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ അറിഞ്ഞു വരുന്നതേ ഉണ്ടായിരുന്നുള്ളു. മരണം സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ ലിനി കുഞ്ഞു മക്കള്‍ക്ക് രോഗം പകരാതിരിക്കാന്‍ വീട്ടില്‍ നിന്നും ദിവസങ്ങളോളം മാറി നിന്നു. ഒടുവില്‍ നിപ്പ ബാധിച്ച രോഗി മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലിനിയും മരിച്ചു. മികച്ച നഴ്‌സുമാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് എന്ന പേരിലായിരിക്കും ഇനി മുതല്‍ നല്‍കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്‌വില്‍ അംബാസഡറായി കാര്‍ത്യായനിയമ്മ
കഴിഞ്ഞ വര്‍ഷം ലോകത്തെ തന്നെ അമ്പരിച്ച മലയാളി വനിതയാണ് കാര്‍ത്യായനിയമ്മ. 96-ാം വയസില്‍ സാക്ഷരത മിഷന്റെ നാലാം ക്ലാസ് തുല്യത പരിക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് കാര്‍ത്യായനിയമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. 98 ശതമാനം മാര്‍ക്കോടെയാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള അക്ഷരലക്ഷം പരീക്ഷയില്‍ കാര്‍ത്യായനിയമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയതില്‍ ഏറ്റവും പ്രായമുള്ളയാള്‍ കാര്‍ത്യായനിയമ്മയായിരുന്നു. ഇതിന് പിന്നാലെ കാര്‍ത്യായനിയമ്മയെ കോമണ്‍വെല്‍ത്ത് ലേണിങിന്റെ ഗുഡ്‌വില്‍ അംബാസഡറായി തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഇളയമകള്‍ അമ്മിണിയമ്മ പത്താംക്ലാസ് തുല്യതാ പരീക്ഷ ജയിച്ചപ്പോഴാണ് കാര്‍ത്യായനി അമ്മയ്ക്ക് അക്ഷരം പഠിക്കാനുള്ള ആഗ്രഹമുണ്ടായത്. അക്ഷരലക്ഷം പരീക്ഷയില്‍ ജയിച്ചതിന് പിന്നാലെ കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം ഉന്നയിച്ച കാര്‍ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസവകുപ്പ് ലാപ്‌ടോപ്പ് സമ്മാനിച്ചിരുന്നു. പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയുടെ ചിത്രം പത്രങ്ങളില്‍ അച്ചടിച്ചു വരികയും അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
യൂണി ഫോം ധരിച്ച് മീന്‍ വില്‍പന നടത്തിയ ഹനാന്‍
പഠിക്കാന്‍ പണമില്ലാതെ വന്നതോടെ മീന്‍വില്‍ക്കാന്‍ ഇറങ്ങിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. കേരളം ചര്‍ച്ച ചെയ്ത വനികളുടെ കൂട്ടത്തില്‍ ഹനാനും ഉള്‍പ്പെടുന്നു. യൂണിഫോം മീന്‍ വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ആ പെണ്‍കുട്ടിയെ കേരളം ഏറ്റെടുത്തത്. കലാഭവന്‍ മണിയുമായി അടുത്ത ബന്ധമുള്ള ഹനാന്‍ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് യൂണിഫോം ധരിച്ച് മീന്‍ വിറ്റതെന്ന് വരെ പറഞ്ഞുണ്ടാക്കി. ഇതിന് വിശദീകരണം പിന്നീട് ഹനാന്‍ നല്‍കുകയുണ്ടായി. കുടുംബത്തെ വിട്ടെറിഞ്ഞുപോയ വാപ്പച്ചിക്ക് പകരും വീട്ടു ചെലവ് നോക്കുകയാണ് ഹനാന്‍ ചെയ്തത്.
പ്ലസ്ടു വരെ മുത്തുമാലകള്‍ കോര്‍ത്തും ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും ജീവിച്ച ഹനാന്‍ തുടര്‍ പഠനത്തിനായി കുടുംബവുമായി തൃശൂരില്‍ നിന്നും കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കുന്ന ഹനാന്‍ കുറച്ചു സമയം പഠിച്ച ശേഷം സൈക്കിള്‍ ചവിട്ടി ചെമ്പക്കര മീന്‍ മാര്‍ക്കറ്റിലെത്തും. അവിടെ നിന്നും മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. 7.30ന് കുളിച്ചൊരുങ്ങി 60 കിലോമീറ്റര്‍ അകലെയുള്ള കോളെജിലെത്തും. 930 മുതല്‍ മൂന്നര വരെ കോളേജില്‍ ചെലവിട്ട ശേഷം വീണ്ടും ചെമ്പക്കരയിലും തമ്മനത്തും മീന്‍ കച്ചവടം നടത്തും. ഇതിനിടെ കേള്‍സെന്ററിലും ജോലി നോക്കി. തുടര്‍ച്ചയായ ഉറക്കമില്ലായ്മയും ശബ്ദകോലാഹലങ്ങളും ഹനാന്റെ കേള്‍വിയെ ബാധിച്ചു. കോളെജ് അധികൃതര്‍ ഇടപെട്ട് പിന്നീട് സൗജന്യ ചികിത്സ ലഭ്യമാക്കി. നിലവില്‍ ചെന്നൈയിലെ എ ആര്‍ റഹ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഗീതം പഠിക്കുകയാണ് ഹനാന്‍. കലാഭവന്‍ മണിയുടെ ഓര്‍മകളുമായി പുറത്തിറക്കിയ ഒരു ആല്‍ബം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
നീതിക്ക് വേണ്ടി പോരാടിയ കന്യാസ്ത്രീകള്‍
സഹപ്രവര്‍ത്തകയായ കന്യാസ്ത്രീക്ക് ബിഷപ്പില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ അതിനെ ചോദ്യം ചെയ്ത്, അവര്‍ക്ക് നീതി തേടിയാണ് അഞ്ച് കന്യാസ്ത്രീകള്‍ പൊതുനിരത്തില്‍ സമരവുമായി ഇറങ്ങിയത്. തന്റെ സ്വാധീനം പലവിധത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോളൊന്നും ആ കന്യാസ്ത്രീകള്‍ പതറിയില്ല. ഹൈക്കോടതിക്ക് സമീപം ആരംഭിച്ച സമരം പിന്നീട് ജനശ്രദ്ധ പിടിച്ചുപറ്റി കൂടുതള്‍ ആളുകളെ അതിന്റെ ഭാഗമാക്കുകയായിരുന്നു.
കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു അത്. ‘മിഷണറീസ് ഓഫ് ജീസസി’ലെ കന്യാസ്ത്രീകളായ സിസ്റ്റര്‍ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ്, അന്‍സിറ്റ എന്നിവരാണ് സഭാ വസ്ത്രം ധരിച്ച് സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍. ഇവര്‍ക്ക് പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപുരയ്ക്കലും രംഗത്തെത്തി. ഇതില്‍ എല്ലാ സിസ്റ്റര്‍മാര്‍ക്കുമെതിരെ സന്യാസിനി സമൂഹവും സഭയും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു.
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീക്ക് നീതി നല്‍കുക എന്നിവയായിരുന്നു കന്യാസ്ത്രീ സമരത്തിന്റെ ആവശ്യം. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റു ചെയ്തതിന് ശേഷമായിരുന്നു കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചത്. ഫ്രാങ്കോ മുളക്കല്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കുന്നതുവരെ നിലപാടുമായി മുന്നോട്ടുപോകാനാണ് അഞ്ചു കന്യാസ്ത്രീകളുടേയും തീരുമാനം.
ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം പിടിച്ച വിജി പെണ്‍കൂട്ട്
ലോകത്തെ സ്വാധീനിക്കുകയും മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത 100 സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ചു കോഴിക്കോട് സ്വദേശിനിയായ പി വിജി എന്ന വിജി പെണ്‍കൂട്ട്. അസംഘടിത മേഖലയിലെ വിജിയുടെ പ്രവര്‍ത്തനമാണ് അന്താരാഷ്ട്ര അംഗീകാരം നേടിയെടുത്തത്. ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍ മാത്രമാണ് ബിബിസിയുടെ പട്ടികയില്‍ ഇടംപിടിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായി കോഴിക്കോട് കേന്ദ്രമാക്കി വിജി ആരംഭിച്ച പെണ്‍കൂട്ട് എന്ന സംഘടന സെയില്‍സ് ഗേള്‍സിന് ഇരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിലും മിഠായിത്തെരുവിലെ കടകളിലുള്ളവര്‍ക്ക് ആവശ്യമായ ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിനും കാരണമായി. സംസ്ഥാന സര്‍ക്കാരും ഇതിന് പിന്നീട് അംഗികാരം നല്‍കുകയും ചെയ്തു.
ശബരിമല കയറിയ ബിന്ദുവും കനകദുര്‍ഗയും
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് ശേഷം കേരളത്തില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ ആരും മറക്കാനിടയില്ല. വിധിക്ക് പിന്നാലെ ശബരിമലയില്‍ എത്തിയ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള വിശ്വാസികള്‍ തടഞ്ഞു. ശബരിമലയില്‍ എത്തിയ സ്ത്രീകളെ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ പരിശോധിച്ച സംഭവമുണ്ടായി. ശബരിമലയില്‍ സ്ത്രീകളെ കയറ്റില്ലെന്ന് ശബരിമല കര്‍മ്മസമിതിയും സംഘപരിവാര്‍ അണികളും ആക്രോശിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ കയറില്ലെന്നുതന്നെ വിശ്വാസികള്‍ കരുതി. എന്നാല്‍ ജനുവരി ഒന്നിലെ വനിതാ മതിലിന് ശേഷം ആ ചരിത്ര സംഭവമുണ്ടായി. ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നിവര്‍ ജനുവരി രണ്ടിന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തി.
സംഘപരിവാറിന്റെ ഭീഷണിയും വീട്ടുകാരുടെ എതിര്‍പ്പും അതിനു ശേഷം ഇവര്‍ക്ക് നേരിടേണ്ടി വന്നു. മകള്‍ ശബരിമല ദര്‍ശനം നടത്തരുതെന്നായിരുന്നു. കനകദുര്‍ഗയുടെ ഭര്‍തൃമാതാവ് അവരെ ക്രൂരമായി മര്‍ദ്ദിച്ചു. ബിന്ദു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും കനക ദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുമാണ്.
ഇടുക്കിയില്‍ എംഎല്‍എയ്‌ക്കെതിരെ ഉറച്ചു നിന്ന സബ് കളക്ടര്‍ രേണു രാജ്
ഇടുക്കിയില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ നിലപാടില്‍ ഉറച്ചു നിന്നതിന്റെ പേരിലാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് വാര്‍ത്തകളില്‍ ഇടം നേടിയത്. രേണു രാജിനെതിരെ പൊതുമധ്യത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയായിരുന്നു. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ പ്രകോപിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കളക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു.
കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ, നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് സബ്കളക്ടറെക്കുറിച്ച് രാജേന്ദ്രന്‍ എംഎല്‍എ ജനമധ്യത്തില്‍ പറഞ്ഞത്. ഇത് വീഡിയോ സഹിതം വാര്‍ത്തയായതോടെ രാജേന്ദ്രനെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നു. ഇതിന് പിന്നാലെ സംഭവിച്ച കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കൊട്ടക്കാമ്പൂര്‍ ഭൂമിക്കേസില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരേയും ഉറച്ച നിലപാടാണ് രേണു രാജ് സ്വീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here