Advertisement

കോട്ടയം സീറ്റിനു പുറമെ വീണ്ടും സീറ്റാവശ്യം ഉന്നയിക്കേണ്ടെന്ന് കേരള കോൺഗ്രസിനുള്ളിൽ ധാരണ

March 9, 2019
Google News 1 minute Read

മുസ്ലീം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് വ്യക്തമായതോടെ കോട്ടയം സീറ്റിനു പുറമെ വീണ്ടും സീറ്റാവശ്യം ഉന്നയിക്കേണ്ടെന്ന് കേരളകോൺഗ്രസിനുള്ളിൽ ധാരണ. പരിഗണിച്ചില്ലെങ്കിൽ വിമത സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുകയാണ് പി.ജെ ജോസഫ്. പിളർപ്പ് ഒഴിവാക്കാൻ വിട്ടുവീഴ്ച്ചകൾക്കുളള ആലോചനകൾ മാണി ക്യാമ്പിൽ പുരോഗമിക്കുകയാണ്. ഇതിനിടെ നാളെ കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മറ്റി യോഗം ചേരും.

പിളരുംതോറും വളരുന്ന പാർട്ടിയെന്ന വിശേഷണം പോലെയാകില്ല, ഇനിയൊരു പിളർപ്പുണ്ടായാൽ കേരള കോൺഗ്രസിന്റെ ഭാവിയെന്ന വിലയിരുത്തലിലാണ് ഇരു ഗ്രൂപ്പുകളും. മത്സരിക്കാൻ ഇറങ്ങിത്തിരിച്ച ജോസഫിനെ സഭാ നേതൃത്വങ്ങളെ ഉപയോഗിച്ച് പിന്തിരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയംകണ്ടില്ല. കേരള കോൺഗ്രസിന്റെ അക്കൗണ്ടിൽ സീറ്റ് കിട്ടിയില്ലെങ്കിൽ താൻ തനിയെ മത്സരിച്ചോളാമെന്നു തന്നെയാണ് ജോസഫ് കെ.എം മാണിക്കു മുന്നിൽ തുറന്നടിച്ചത്. പിളർപ്പിലേക്ക് നീങ്ങിയാൽ അത് നാശത്തിന്റെ മുന്നോടിയായിരിക്കുമെന്ന തിരിച്ചറിവിൽ മാണി ഗ്രൂപ്പ് മധ്യസ്ഥ ചർച്ചകൾ സജീവമാക്കി.

Read Also : കേരള കോൺഗ്രസ്സിന് തെരെഞ്ഞെടുപ്പിൽ 2 സീറ്റ് വേണമെന്ന കാര്യത്തിൽ പിന്നോട്ടില്ല : പിജെ ജോസഫ്

രാജ്യസഭാ സീറ്റ് തട്ടിയെടുത്തതിന്റെ പേരിൽ പിന്നിൽ നിന്ന് കുത്താൻ ഒരുങ്ങി നിൽക്കുന്ന കോൺഗ്രസിനൊപ്പം, പി.ജെ ജോസഫും ചേർന്നാൽ ഉറച്ച സീറ്റായ കോട്ടയത്ത് നാണം കെടേണ്ടി വരുമെന്നാണ് മാണി ക്യാമ്പിന്റെ ഭീതി. ഇതോടെ ജോസഫിന് സീറ്റ് കൊടുത്തായാലും പാർട്ടിയുടെ മാനം കാക്കാനാണ് അനുനയ നീക്കങ്ങളുമായി മാണി് രംഗത്തെത്തിയത്. നാളെ പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷം സ്റ്റീയറിംഗ് കമ്മറ്റിയും ചേരും.

Read Also : കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ

സ്റ്റീയറിംഗ് കമ്മറ്റിയിൽ മേൽക്കൈ ഉപയോഗിച്ച് ജോസഫിനെ മറികടക്കാമെങ്കിലും യോഗ ശേഷം ജോസഫ് പുറത്തു വന്ന് നടത്തിയേക്കാവുന്ന പ്രതികരണങ്ങൾ മാണി വിഭാഗം ഭയപ്പെടുന്നുണ്ട്. കോട്ടയത്ത് എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയതോടെ അധികം നീട്ടാതെ പ്രശ്‌ന പരിഹാരം കാണാൻ യുഡിഎഫും നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയത്തിനായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി നാളത്തെ യോഗങ്ങൾ പിരിയാനാണ് സാധ്യത. പൊട്ടിത്തെറിയിലേക്ക് നീങ്ങാതെ കെ.എം മാണി ജോസഫിന് വഴങ്ങി കൊടുത്തേക്കുമെന്ന സൂചനയാണ് ഒടുവിൽ പുറത്തുവരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here