Advertisement

അയോധ്യ മധ്യസ്ഥ ചര്‍ച്ച; പ്രക്ഷോഭത്തിനൊരുങ്ങി ആര്‍എസ്എസ്

March 9, 2019
Google News 1 minute Read

അയോധ്യ വിഷയത്തിലെ സുപ്രീംകോടതി തിരുമാനത്തെ വിമര്‍ശിച്ച് ആര്‍എസ്എസ്. മധ്യസ്ഥ ചര്‍ച്ചയിലൂടെ താമസമുണ്ടാക്കുന്ന നടപടിയാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ആര്‍എസ്എസ് പറയുന്നു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ ഹര്‍ജിയില്‍ കൃത്യമായ സാഹചര്യങ്ങള്‍ ബോധിപ്പിച്ച് തള്ളിക്കളയുന്ന ഒരു ഘട്ടത്തില്‍ വരെ തങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയിലൂടെ തീരുമാനത്തിന് കാലതാമസം വരുത്തുകയാണ് സുപ്രീംകോടതി ചെയ്തത്. ഇത് സാമാന്യ നീതിയുടെ ലംഘനമാണെന്നും ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു.

എറ്റവും വേഗം അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നാണ് തങ്ങള്‍ പറയുന്നത്. ഇതിനായുള്ള നടപടികളാണ് സുപ്രീംകോടതി സ്വീകരിക്കേണ്ടത്. ശബരിമല വിഷയത്തിലെ സുപ്രീംകോടതി തീരുമാനവും അനുചിതമായിരുന്നെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ഡോ മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ഗ്വാളിയറില്‍ നടക്കുന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിലാണ് നിലപാട് വ്യക്തമാക്കിയത്.

Read more: അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്; മൂന്നംഗ സമിതിയെ നിയോഗിച്ചു

ഇന്നലെയാണ് അയോധ്യ ഭൂമി തര്‍ക്കത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എഫ് എം ഖലീഫുള്ളയാണ് സമിതിയുടെ അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എട്ടാഴ്ചയ്ക്കകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഫൈസാബാദാണ് വേദിയാകുക. നടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ചര്‍ച്ചയ്ക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്നും നടപടിക്രമങ്ങള്‍ ഒരാഴ്ചയ്ക്കകം തുടങ്ങണമെന്ന നിര്‍ദ്ദേശവും സുപ്രീംകോടതി മുന്നോട്ടുവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിര്‍ണ്ണായക ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here