Advertisement

ലോക്‌സഭാ ചരിത്രം പറഞ്ഞ് ഇടുക്കി മണ്ഡലം

March 10, 2019
Google News 1 minute Read

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാമണ്ഡലം. പുതുക്കിയ വോട്ടര്‍ പട്ടിക അനുസരിച്ച് മണ്ഡലത്തില്‍ 11,76,099 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,84,925 പുരുഷ വോട്ടര്‍മാരും 5,91,171 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്‌ജെന്റര്‍മാരുമാണുള്ളത്. 2014ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 18680 വോട്ടര്‍മാരുടെ വര്‍ധനയാണുള്ളത്.

ആദ്യ സ്ഥാനാര്‍ത്ഥി സി എം സ്റ്റീഫന്‍

ഇടുക്കി ലോക്‌സഭാ മണ്ഡലം 1977 ലാണ് രൂപീകൃതമാകുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി എം സ്റ്റീഫനായിരുന്നു വിജയം. 79357 വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ത്ഥി എന്‍ എം ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടത് പക്ഷം തിരിച്ചു പിടിച്ചു. സിപിഐഎം നേതാവ് എം എം ലോറന്‍സ് കേരളാ കോണ്‍ഗ്രസിലെ ടി എസ് ജോണിനെ 7033 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മണ്ഡലം തിരിച്ചു പിടിച്ചത്.

ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയ പരാജയങ്ങള്‍

1984ല്‍ പ്രൊഫ. പി ജെ കുര്യനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. സിപിഐ നേതാവ് സി എ കുര്യനെതിരെ 1,30,624 വോട്ടിനായിരുന്നു പി ജെ കുര്യന്റെ വിജയം. 1989ല്‍ കോണ്‍ഗ്രസിലെ പാലാ കെ എം മാത്യു വിജയിച്ചു. 91479 വോട്ടിന് സിപിഐഎമ്മിലെ എം സി ജോസഫൈനെയാണ് പാലാ കെ എം മാത്യു പരാജയപ്പെടുത്തിയത്. 1991ലും പാലാ കെ എം മാത്യു വിജയിച്ചു. 1996ല്‍ കോണ്‍ഗ്രസിലെ എ സി ജോസ് വിജയിച്ചു. 30140 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കേരളാ കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് ജോസ് പരാജയപ്പെടുത്തിയത്. 1998ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി സി ചാക്കോ വിജയിച്ചു. ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയതെങ്കിലും ഭൂരിപക്ഷം 6350 വോട്ട് മാത്രമായിരുന്നു. 1999ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തകര്‍ത്ത് ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിലെ പി ജെ കുര്യനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജാണ് മണ്ഡലം ഇടത് മുന്നണിക്കൊപ്പമാക്കിയത്. 2004ലും വിജയം ഇടത് മുന്നണിക്കൊപ്പമായിരുന്നു. ബെന്നി ബഹന്നാനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജ്ജ് മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 69384. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 74796 വോട്ടുകള്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജിനെയാണ് തോമസ് പരാജയപ്പെടുത്തിയത്.

ജോയ്‌സ് ജോര്‍ജ്-ഡീന്‍ കുര്യാക്കോസ് പോരാട്ടം

2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജിലൂടെ എല്‍ഡിഎഫ് 50400 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം വീണ്ടും തിരിച്ചു പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. അന്ന് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനായിരുന്നു ഭൂരിപക്ഷം. പീരുമേട്, ഉടുമ്പന്‍ചോല, ഇടുക്കി, ദേവികുളം നിയോജകമണ്ഡലങ്ങളിലാണ് ജോയ്‌സിന് ഭൂരിപക്ഷം ലഭിച്ചത്. ഡീന്‍ കുര്യാക്കോസ് കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മണ്ഡലങ്ങളിലും ലീഡ് നേടി. 2015ല്‍ നടന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ മേല്‍കോയ്മയാണ് കണ്ടത്.

ഇടുക്കി ജില്ലയിലെ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും കോതമംഗലം നിയമസഭാ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലെ 11 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. 2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴില്‍ അഞ്ചും എല്‍ഡിഎഫിന് ഒപ്പം നിന്നു. പീരുമേട്, ഉടുമ്പന്‍ചോല,
ദേവികുളം, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളാണ് എല്‍ഡിഎഫ് നേടിയത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് സമ്പൂര്‍ണ പരാജയമായിരുന്നു. ഇടുക്കി, തൊടുപുഴ മണ്ഡലങ്ങള്‍ കേരളാ കോണ്‍ഗ്രസിന് ഒപ്പം നിന്നതു മാത്രമാണ് യുഡിഎഫിന് നേട്ടമായത്.

2014 ലോക്‌സഭാ ഇലക്ഷന്‍ ഇടുക്കി മണ്ഡലം വോട്ടിംഗ് നില നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ (മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്)

ജോയ്‌സ് ജോര്‍ജ് എംപി (സിപിഎം സ്വതന്ത്രന്‍)

46842, 45102, 53647, 62363, 51233, 68100, 54351, പോസ്റ്റല്‍ വോട്ട് 381, ആകെ വോട്ട് 382019.

അഡ്വ. ഡീന്‍ കുര്യാക്കോസ് (ഐഎന്‍സി) 52414, 47578, 44526, 39671, 54321, 43873, 48372, പോസ്റ്റല്‍ വോട്ട് 722, ആകെ വോട്ട് 331477.

സാബു വര്‍ഗീസ് (ബിജെപി) 8137, 7349, 5592, 5896, 12332, 4752, 6347, പോസ്റ്റല്‍ വോട്ട് 33, ആകെ വോട്ട് 50438.

73.43 ശതമാനം പുരുഷന്‍മാരും 68.07 ശതമാനം സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്.

2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലം അടിസ്ഥാനത്തില്‍

ദേവികുളം: എസ് രാജേന്ദ്രന്‍ (സിപിഎം) 49510, എ കെ മണി (കോണ്‍ഗ്രസ്) 43728, എന്‍ ചന്ദ്രന്‍ (ബിജെപി) 9592. ഭൂരിപക്ഷം 5782.

ഉടുമ്പന്‍ചോല: എം എം മണി (സിപിഎം) 50813, അഡ്വ. സേനാപതി വേണു (കോണ്‍ഗ്രസ്) 49704, സജി പറമ്പത്ത് (ബിഡിജെഎസ്) 21799, ഭൂരിപക്ഷം 1109.

തൊടുപുഴ: പിജെ ജോസഫ് (കെസിഎം) 76564, അഡ്വ. റോയി വാരികാട്ട് (സിപിഎം സ്വതന്ത്രന്‍) 30977, എസ് പ്രവീണ്‍ (ബിഡിജെഎസ്) 28845. ഭൂരിപക്ഷം 45587.

ഇടുക്കി: റോഷി അഗസ്റ്റിന്‍ (കെസിഎം) 60556, ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്) 51223, ബിജു മാധവന്‍ (ബിഡിജെഎസ്) 27403, ഭൂരിപക്ഷം 9333.

പീരുമേട്: ഇ എസ് ബിജിമോള്‍ (സിപിഐ) 56584, അഡ്വ. സിറിയക് തോമസ് (കോണ്‍ഗ്രസ്) 56270, കുമാര്‍ (ബിജെപി) 11833. ഭൂരിപക്ഷം 314.

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം (സിപിഐ) 70269, ജോസഫ് വാഴയ്ക്കന്‍ (കോണ്‍ഗ്രസ്) 60894, പി ജെ തോമസ് (ബിജെപി) 9759. ഭൂരിപക്ഷം 9375.

കോതമംഗലം: ആന്റണി ജോണ്‍ (സിപിഎം) 65467, ടി യു കുരുവിള (കെസിഎം) 46185, പിസി സിറിയക് (എന്‍ഡിഎ) 12926. ഭൂരിപക്ഷം 19282.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here