കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി

രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന കമല്‍ ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി. ബാറ്ററി ടോര്‍ച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിക്ക് ചിഹ്നമായി അനുവദിച്ചത്. പാര്‍ട്ടി മേധാവിയും നടനുമായ കമല്‍ ഹാസന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.


ചിഹ്നം ഏറ്റവും അനുയോജ്യമാണെന്നും പാര്‍ട്ടി പുത്തന്‍ കാലത്തിന്റെ വെളിച്ചമാകുമെന്നും കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ രാഷ്ട്രീയത്തില്‍ കാതലായ മാറ്റം വന്നു തുടങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. മക്കള്‍ നീതി മയ്യത്തിന് പുറമെ 38 പുതിയ പാര്‍ട്ടികള്‍ക്കും കമ്മീഷന്‍ ചിഹ്നം അനുവദിച്ചു.

പുതുച്ചേരി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ മുഴുവന്‍ ലോക്‌സഭാ സിറ്റിലും തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് നേരത്തെ തന്നെ കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സഖ്യങ്ങളില്‍ ഭാഗമാവാതെ പാര്‍ട്ടി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങളെ അഴിമതിയില്ലാതെ സേവിക്കുകയാണ് ലക്ഷ്യം. തങ്ങളുടെ കൈകളില്‍ കറപുരളില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസുമായി മക്കല്‍ നീതി മയ്യം സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഡിഎംകെയുമായി തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതോടെ തനിച്ച് മല്‍സരിക്കാന്‍ മക്കള്‍ നീതി മയ്യം തീരുമാനിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top