അഞ്ച് മന്ത്രിമാരുടെ ജന്മനാട്, മൂന്ന് മന്ത്രിമാരുടെ മണ്ഡലം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ആര്‍ക്കൊപ്പം?

കണ്ണൂർ, അഴീക്കോട്, ധർമ്മടം, തളിപ്പറമ്പ് , ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ട ലോക്സഭാ മണ്ഡലമാണ് കണ്ണൂര്‍. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണം എൽ.ഡി.എഫിനൊപ്പവും മൂന്നെണ്ണം യു.ഡി.എഫിനൊപ്പവുമാണിപ്പോൾ. കണ്ണൂർ, ധർമ്മടം, തളിപ്പറമ്പ്, മട്ടന്നൂർ എന്നീ മണ്ഡലങ്ങളിൽ എല്‍ഡിഎഫും അഴിക്കോട്, ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങളിൽ യുഡിഎഫും ആണ് കഴിഞ്ഞ തവണ വിജയിച്ചത്.
ReadAlso: സുധീരനെ വിജയിയാക്കിയ ആലപ്പുഴയുടെ ആ ‘ചരിത്രം’
യുഡിഎഫിന്റെ കോട്ടയായിരുന്ന കണ്ണൂർ നിയമസഭാ മണ്ഡലം 35 വർഷങ്ങൾക്ക് ശേഷം എല്‍ഡിഎഫ് കഴിഞ്ഞ തവണ പിടിച്ചെടുത്തതാണ്.
കേരളത്തിലെ ഏറ്റവും പ്രധാന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി. ജയരാജനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലങ്ങൾ കണ്ണൂരിൽ ഉൾപ്പെടുന്നു. മാത്രമല്ല മുഖ്യമന്ത്രി ഉൾപ്പെടെ അഞ്ചു മന്ത്രിമാരുടെ ജന്മനാടും കൂടിയാണ് ഈ മണ്ഡലം. മന്ത്രി കെ.കെ. ശൈലജ, എ.കെ. ശശീന്ദ്രൻ എന്നിവരൊക്കെ ജന്മംകൊണ്ട് ഈ മണ്ഡലക്കാരാണ്. നിയമസഭാ ഫലത്തിന്റെ കണക്ക് നോക്കിയാൽ എൽ.ഡി.എഫിന് ഇപ്പോൾ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2009-ലെ തിരഞ്ഞെടുപ്പിൽ കെകെ രാഗേഷിന് എതിരെ കെ. സുധാകരന്റെ ഭൂരിപക്ഷം 43,121 വോട്ടായിരുന്നു. 2014ൽ പി.കെ ശ്രീമതി 6566 വോട്ടുകൾക്ക് കെ സുധാകരനെ തോൽപ്പിച്ചു . എസ്.ഡി.പി.ഐ.യ്ക്ക് കഴിഞ്ഞ തവണ 19,170 വോട്ട് ലഭിച്ചിട്ടുണ്ട്.
കണ്ണൂർ ലോക്സഭാ മണ്ഡലപരിധിയിൽ വരുന്ന ഓരോ നിയമസഭാ മണ്ഡലത്തിലും എൽ.ഡി.എഫിനും യു.ഡി.എഫിനും കിട്ടിയ ഭൂരിപക്ഷം ഇപ്രകാരമാണ്
2014-ലെ ലോക്സഭ: എൽ.ഡി.എഫ്- ഭൂരിപക്ഷം: തളിപ്പറമ്പ് (14,219), ധർമടം (14,961), മട്ടന്നൂർ (19733),
യു.ഡി.എഫ്.: ഭൂരിപക്ഷം: ഇരിക്കൂർ (22,115), അഴീക്കോട് (5010), കണ്ണൂർ (3053), പേരാവൂർ (8209)
2016-ലെ നിയമസഭ: എൽ.ഡി.എഫ്: ഭൂരിപക്ഷം: തളിപ്പറമ്പ് (40,617), കണ്ണൂർ (1196), ധർമടം(36,905), മട്ടന്നൂർ (43,381).
യു.ഡി.എഫ്: ഭൂരിപക്ഷം: ഇരിക്കൂർ (9647), അഴീക്കോട് (2287), പേരാവൂർ (7889)
2014-ലെ തിരഞ്ഞെടുപ്പുകഴിഞ്ഞ് രണ്ടുവർഷം കൊണ്ട് യു.ഡി.എഫിന് വൻ വോട്ട് ചോർച്ച ഉണ്ടായതായി കാണാം. ബി.ജെ.പി.യുടെ വോട്ടിൽ വർധനയുണ്ടായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ലഭിച്ച 51,636 വോട്ട് നിയമസഭാതിരഞ്ഞെടുപ്പിൽ 89,346 വോട്ടായി വർധിച്ചിട്ടുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങൾ, എം.പി.യെന്ന നിലയിൽ പി.കെ. ശ്രീമതി നടത്തിയ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, ന്യൂനപക്ഷങ്ങളുടെ സമീപനം കണ്ണൂരിലെ രാഷ്ട്രീയകൊലപാതകക്കേസുകൾ, സി.ബി.ഐ. അന്വേഷണം, തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായേക്കും.
കാസർകോട് പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകം കഴിഞ്ഞവർഷം എടയന്നൂരിൽ നടന്ന ഷുഹൈബ് വധം എന്നിവ കോൺഗ്രസ് ഇക്കുറി കടുത്തപ്രചാരണവിഷയമാക്കും. അതേസമയം, കണ്ണൂരിൽ എം.പി. അഞ്ചുവർഷം കൊണ്ട് നടത്തിയ വികസന പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനസർക്കാർ നടത്തിയ വികസന പ്രവർത്തനം ആയിരിക്കും എൽ.ഡി.എഫിന്റെ പ്രധാനവിഷയം. ബി.ജെ.പി. ശബരിമല മുഖ്യവിഷയമാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here