Advertisement

സുധീരനെ വിജയിയാക്കിയ ആലപ്പുഴയുടെ ആ ‘ചരിത്രം’

March 10, 2019
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെക്കിന്റെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ നിന്നും ജില്ല കരകയറി വരുന്നതേയുള്ളു. നിലവില്‍ യുഡിഎഫിന്റെ കെ സി വേണുഗോപാലാണ് മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. പ്രളയം തകര്‍ത്ത കുട്ടനാടും കാര്‍ഷിക സമ്പത്തുമാകും ഭയുഡിഎഫും എല്‍ഡിഎഫും ഉന്നയിക്കുന്ന പ്രധാനവിഷയങ്ങള്‍.

ആലപ്പുഴ നഗരത്തിലടക്കം ഇപ്പോഴും രൂക്ഷമായി തുടരുന്ന, പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ് കുടിവെള്ള കുടിവെള്ള ക്ഷാമം. നെല്‍കാര്‍ഷിക മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് മറ്റൊന്ന്. പ്രളയകാലത്ത് എം പിയെ മണ്ഡലത്തില്‍ കാണാനില്ലായിരുന്നു യുഡിഎഫ് എം പി കെ സി വേണുഗോപാലിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. അതിനിടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയതോടെ വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എം എല്‍എ ആയിരിക്കുമ്പോള്‍ പാര്‍ലിമെന്റിലേക്ക് മല്‍സരിക്കുന്നു എന്ന ധാര്‍മ്മിക വിഷയമാണ് എല്‍ഡിഎഫിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം.

മണ്ഡല ചരിത്രം

1977 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ ബാലാനന്ദനെ പരാജയപ്പെടുത്തി വി എം സുധീരനിലൂടെ മണ്ഡലത്തിലെ ആദ്യ വിജയം കോണ്‍ഗ്രസ് നേടി. 80 ല്‍ സുശീല ഗോപാലനിലൂടെ സിപിഐഎം മണ്ഡലം തിരിച്ചുപിടിച്ചു. 84 ല്‍ സുശീല ഗോപാലനെ പരാജയപ്പെടുത്തിയ വക്കം പുരുഷോത്തമന്‍ 89ലും വിജയം ആവര്‍ത്തിച്ചു. എന്നാല്‍ മൂന്നാം അങ്കത്തിനിറങ്ങിയ വക്കത്തിന് ടി.ജെ ആഞ്ജലോസിന് മുന്നില്‍ കാലിടറി. വിജയം സിപിഐഎമ്മിനായിരുന്നു.

96 ല്‍ തന്റെ രണ്ടാം വരവിലൂടെ ടി ജെ ആഞ്ജലോസിനെ പരാജയപ്പെടുത്തി സുധീരന്‍ മണ്ഡലം കോണ്‍ഗ്രസിന് അനുകൂലമാക്കി. 98 ലും 99 ലും വിജയം ആവര്‍ത്തിച്ച സുധീരനെ 2004ല്‍ സിപിഐഎം സ്ഥാനാര്‍ത്ഥി കെ എസ് മനോജ് അട്ടിമറിച്ചു. 2009 ലും 2014 ലും കെസി വേണുഗോപാലിലുടെ കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 57635 ആയിരുന്നു 2009ല്‍ കെ സി യുടെ ഭൂരിപക്ഷം. എന്നാല്‍ 2014 ആയപ്പോള്‍ അത് 19407 ആയി ചുരുങ്ങി. 271324 വോട്ടര്‍മാരില്‍ 997464 പേര്‍ കഴിഞ്ഞ തവണ വോട്ട് രേഖപ്പെടുത്തി. 78.46 ആയിരുന്നു പോളിംഗ് ശതമാനം.

നിയമസഭാ മണ്ഡലങ്ങള്‍

അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി. ഇതില്‍ ഹരിപ്പാട് ഒഴികെ 6 മണ്ഡലങ്ങളിലും ഇടത് മുന്നണിക്ക് വിജയം.

ആകെ വോട്ടര്‍മാര്‍ 1271 324,  പുരുഷന്‍മാര്‍ 611877, സ്ത്രീകള്‍  659447

കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം- 78.46 %

കെ സി വേണുഗോപാലിന്റെ ഭൂരിപക്ഷം- 2009-57635, 2014 19407

ആകെ തെരഞ്ഞെടുപ്പുകള്‍- 11

യുഡിഎഫ്-വിജയിച്ചത്- 8 തവണ
എല്‍ഡിഎഫ്-വിജയിച്ചത്-  3 തവണ

ആദ്യ വിജയി- വി എം സുധീരന്‍

മണ്ഡലത്തില്‍ വിജയിച്ച സി പി എം സ്ഥാനാര്‍ത്ഥികള്‍ (സുശീല ഗോപാലന്‍, ടി.ജെ ആഞ്ജലോസ്, കെ.എസ് മനോജ്.)

ഇത്തവണ സ്ഥാനാര്‍ത്ഥികള്‍

എല്‍ഡിഎഫ്- എ എം ആരിഫ്,  പ്രചാരണം ആരംഭിച്ചു.

യുഡിഎഫ്- കെ.സി വേണുഗോപാല്‍ മൂന്നാം അങ്കത്തിന് സാദ്ധ്യത, കെസി ഇല്ലെങ്കില്‍ പി സി വിഷ്ണു നാഥിനോ, ഡി സി സി പ്രസിഡന്റ് ലിജുവിനോ സാദ്ധ്യത

എന്‍ഡിഎ തീരുമാനമായില്ല

നിര്‍ണ്ണായക സാമുദായിക ഘടകങ്ങള്‍

1. മുസ്ലീം ന്യൂന പക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള പ്രദേശങ്ങള്‍ മിക്ക തെരഞ്ഞെടുപ്പിലും വിധി നിര്‍ണായ ഘടകങ്ങളില്‍ പ്രധാനം.

2.ഒരു മുന്നണിക്കും സ്ഥിരമായി അവകാശപ്പെടാന്‍ പറ്റാത്ത വോട്ടുകള്‍.

3.അരൂര്‍, ആലപ്പുഴ അമ്പലപ്പുഴ തീരമേഖലകള്‍, കരുനാഗപള്ളി ഭാഗങ്ങളില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകം.

4.ആലപ്പുഴയുടെ വടക്കന്‍ തീരമേഖലയിലെ കൈസ്തവ വോട്ടുകള്‍ പ്രധാന ഘടകം.

5.ചേര്‍ത്തല, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി വോട്ടുകള്‍ സ്വാധീനമുണ്ടാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here