ശബരിമല ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കുമ്മനം രാജശേഖരന്‍

പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് തിരുവനന്തപുരത്തെ ബിജെപി നിയുക്ത സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ബിജെപിയില്‍ യാതൊരു വിഭാഗീയതയുമില്ല. ചിലര്‍ അത്തരത്തില്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം അച്ചടക്കത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ബിജെപി തകരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നത് ശബരിമ യുവതി പ്രവേശന വിഷയമാണ്. ക്ഷേത്രങ്ങളില്‍ മാത്രം വിശ്വസിക്കുന്ന കുറേ ആളുകളുടെ പ്രശ്‌നമല്ലത്. എല്ലാ മതവിശ്വാസികളേയും അത് ബാധിക്കും. നിലനില്‍പ്പിന്റെ കാര്യം കൂടിയാണത്. മതവിശ്വാസികള്‍ക്ക് മതസ്വാതന്ത്ര്യമുണ്ടാകണമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
കേരളം ഇത്തവണ എന്‍ഡിഎയ്‌ക്കൊപ്പം നിലയുറപ്പിക്കും. കേരള രാഷ്ട്രീയത്തില്‍ എന്ത് ഉത്തരവാദിത്തം നല്‍കിയാലും ഏറ്റെടുക്കാന്‍ തയാറാണ്. ഉത്തരവാദിത്തം നല്‍കിയില്ലെങ്കിലും സന്തോഷം. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് സിപിഐ നേതാവ് വിമര്‍ശിക്കുന്നത് കണ്ടു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ തെരഞ്ഞെടുപ്പിലേക്കു വരുന്നത്. എംഎല്‍എ സ്ഥാനത്ത് തുടരുകയും മത്സര രംഗത്തേക്ക് വരികയും ചെയ്യുന്ന എല്‍ഡിഎഫിലെ നേതാക്കളെക്കുറിച്ച് അദ്ദേഹം അറിയുന്നില്ല. എല്‍ഡിഎഫ് ആറ് എംഎല്‍എമാരെ രംഗത്തിറക്കിയത് എന്തിന്? എംഎല്‍എമാര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. തൊഴുത്തു മാറ്റി കെട്ടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഭരണഘടനയോട് അവഹേളനം കാണിച്ചത് എല്‍ഡിഎഫാണെന്നും കുമ്മനം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബിജെപിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയും പ്രവര്‍ത്തന ലക്ഷ്യങ്ങളും ചിന്തിച്ച് പുറത്തിറക്കാനേയുള്ളൂ. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് ജനങ്ങളോട് ചെയ്ത ക്രൂരതകള്‍ അവര്‍ ഓര്‍ത്തെടുക്കും. കേരളം കിടക്കെയില്‍ പോയിരിക്കുയാണ്. നെല്‍വയല്‍ സംരക്ഷണത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അതിന് മറുപടി നല്‍കുമെന്നും കുമ്മനം വ്യക്തമാക്കി.
അതേസമയം, കുമ്മനം ഉള്‍പ്പെടെ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ചൊവ്വാഴ്ച കുമ്മനം കേരളത്തില്‍ മടങ്ങിയെത്തും. അതേസമയം, തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷാ വിളിച്ചതനുസരിച്ച് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here