മുതിര്‍ന്ന നേതാക്കളുടെ മത്സരം; അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കുന്ന ചുമതല രാഹുല്‍ ഗാന്ധിക്ക് വിട്ടത്. മുതിര്‍ന്ന നേതാക്കള്‍ മത്സര രംഗത്ത് വേണമെന്ന അഭിപ്രായമാണ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ന്നത്.

അതേസമയം, വടകരയില്‍ ആര്‍എംപി നേതാവ് കെ കെ രമയുടെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെങ്കില്‍ കെ കെ രമയെ പിന്തുണയ്ക്കാനാണ് തീരുമാനം. വടകരയില്‍ ഉള്‍പ്പെടെ മത്സരിക്കുമെന്ന് ആര്‍എംപി നേരത്തേ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ജനപിന്തുണയുള്ള രമയെ മത്സര രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

അതിനിടെ വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എംപി ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേര്‍ത്തു കൊണ്ടുപോകുന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കും. കെപിസിസി പ്രസിഡന്റാണ് വടകരയിലെ നിലവിലെ എംപിയെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. വടകര, ആലത്തൂര്‍ കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മത്സരിക്കുമെന്നാണ് ആര്‍എംപിഐ അറിയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top