‘അമർ അക്ബർ അന്തോണിമാരിൽ ഒരാൾ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി’: ആസിഫ് അലി

നാദിർഷ സംവിധാനം ചെയ്ത ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രം പ്രേക്ഷകർക്ക് പ്രിയങ്കരമായ സിനിമയാണ്. ചിത്രത്തെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി ചിത്രത്തെ വീണ്ടും വാർത്തകളിൽ നിറച്ചിരിക്കുകയാണ് നടൻ ആസിഫ് അലി.  ചിത്രത്തിൽ അമർ അക്ബർ അന്തോണിമാരിൽ ഒരാൾ താനായിരുന്നു എന്നും , അവസാന നിമിഷം തന്നെ മാറ്റിയെന്നുമാണ് ആസിഫ് പറഞ്ഞത്. നാദിർഷയുടെ പുതിയ ചിത്രമായ മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് ഇക്കാര്യം ആസിഫ് പറഞ്ഞത്.

Read Also : ‘ഞാൻ സത്യങ്ങൾ പറയാൻ തുടങ്ങിയാൽ ചിലരൊക്കെ വെള്ളം കുടിക്കും’ : പ്രിയാ വാര്യർ

‘അമർ അക്ബർ അന്തോണിയിൽ ഒരാൾ ഞാനായിരുന്നു, എന്നാൽ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതിനു പകരമായാകാം ഈ സിനിമയിൽ ഷാജിയായി എന്നെ കൊണ്ടുവന്നത്. പക്ഷേ ആ സിനിമയിൽ നായകന്മാരായ മൂന്നുപേർക്കും കിട്ടിയ കൈയടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി. ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാൻ എനിക്ക് പ്രചോദനമായത്.’ ആസിഫ് പറഞ്ഞു.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോൻ, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നിഖില വിമലാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംങ്ങും എമിൽ മുഹമ്മദ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top