ഇന്ത്യന്‍ യുവാക്കള്‍ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ യുവതലമുറ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുകയാണെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ പ്രതീക്ഷയോടെ എന്‍ജിറീയറിങ് കോഴ്‌സുകള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ചെറിയ ജോലികള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ചെറിയ ജോലികളിലേക്ക് പ്രവേശിക്കുന്ന എന്‍ജിനീയര്‍മാര്‍ക്ക് പലപ്പോഴും വിദ്യാഭ്യാസ ലോണുകള്‍ പോലും തിരിച്ചടയ്ക്കാന്‍ പറ്റാറില്ല. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ മുതല്‍ കമ്പ്യൂട്ടര്‍ കോഡ്, സിവില്‍ ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ ചിഞ്ച്വാദില്‍ ഫെബ്രുവരി ഏഴിന് നടന്ന തൊഴില്‍മേളയില്‍ പങ്കെടുക്കാനെത്തിയ ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ശേഖരിച്ച വിവരങ്ങളും അഭിപ്രായങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014-ല്‍ അധികാരത്തിലേറിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ എവിടെയെന്ന് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2022-ഓടെ 100 ദശലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാല്‍ നാലര വഷത്തിനിപ്പുറവും തൊഴിലില്ലായ്മ നേരിടുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍  കൂടിയതല്ലാതെ കുറവു വന്നിട്ടില്ല. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ കൃത്യമായ പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Read More: മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം നൽകാൻ തയ്യാറെടുത്ത് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ

2018 ഫെബ്രുവരിയില്‍ 5.4 ശതമാനമായിരുന്നു തൊഴിലില്ലായ്മ ഇപ്പോള്‍ 7.2 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. 2019 ഫെബ്രുവരിയില്‍ രാജ്യത്ത് 31.2 ദശലക്ഷം തൊഴിലന്വേഷകരാണുള്ളതെന്ന് സെന്റര്‍ ഫോര്‍ മോണിട്ടറിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഇനിയും കൂടിയാല്‍ അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top