എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വൈദികരെ പങ്കെടുപ്പിച്ചതിനെതിരെ പരാതിയുമായി അനില്‍ അക്കര

ആലത്തൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വൈദികരെ പങ്കെടുപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. മത ചിഹ്നമായ ളോഹയില്‍ വൈദികര്‍ കണ്‍വെന്‍ഷനെത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ആരോപണമുയര്‍ത്തി അനില്‍ അക്കര എംഎല്‍എ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.വടക്കഞ്ചേരിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വൈദികര്‍ പങ്കെടുത്തത് ളോഹയണിഞ്ഞാണെന്നും ഇത് സംബന്ധിച്ച ഫോട്ടോ സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി പത്രത്തിലും പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് എംഎല്‍എ യുടെ ആവശ്യം.ക്രിസ്തീയ മതാചാര പ്രകാരം ളോഹ മതപരമായ ചിഹ്നമാണ്. മതചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്ന സാഹചര്യത്തില്‍ ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. പെരുമാറ്റ ചട്ടം ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജുവിനുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നുമാണ് അനില്‍ അക്കര പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here