സംഘര്‍ഷസാധ്യത; പശ്ചിമബംഗാളില്‍ എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി

പശ്ചിമ ബംഗാളില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ബംഗാളിനെ അതീവ പ്രശ്‌ന ബാധിത സംസ്ഥാനമായി കണ്ട് നടപടികള്‍ സ്വീകരിക്കണമെന്നും പശ്ചിമബംഗാളില്‍ എല്ലാ ബൂത്തിലും കേന്ദ്ര സേനയെ വിന്യസിക്കാന്‍ നടപടിയെടുക്കണമെന്നും ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

അഹമ്മദാബാദില്‍ പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി മാതൃകാ പെരുമാറ്റം ലംഘിച്ചതായും ഇതിനെതിരെ നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top