ശബരിമല; ടിക്കാറാം മീണയ്ക്കെതിരെ ബിജെപി നേതാവിന്റെ പരാതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണായുധമാക്കരുതെന്ന് നിർദ്ദേശിച്ച സംസ്ഥാന തെരഞ്ഞെടുപ്പ്
ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ പരാതി. ബിജെപി മുന്‍ സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് പി കൃഷ്ണദാസാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണവിഷമാക്കരുതെന്ന നിര്‍ദ്ദേശം ദുരുദ്ദേശപരമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഓഫീസറുടേത് അധികാര ദുര്‍വിനിയോഗമാണെന്ന് കൃഷ്ണദാസ് പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ഓഫീസര്‍ സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. സിപിഎമ്മിനേയും സര്‍ക്കാരിനേയും സഹായിക്കുകയാണ് മീണയുടെ ലക്ഷ്യമെന്നും പരാതിയില്‍ ആരോപിക്കുന്നു. ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹത്തിന് കീഴില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കരുതെന്ന് ടിക്കാറാം മീണ നിർദ്ദേശിച്ചത്.
സാമുദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. ശബരിമല പ്രചരണവിഷയമാകുമെന്നും, അഭിപ്രായ സ്വാതന്ത്ര്യം വിലക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നു മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എയും ബിജെപി നേതാവ് കെ സുരേന്ദ്രനും പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here