റഫാൽ: കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു

റഫാൽ ഇടപാട് കേസിൽ കേന്ദ്രസർക്കാൻ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. രേഖകൾ ചോർന്നത് ദേശസുരക്ഷ അപകടത്തിലാക്കുന്നതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. രേഖകൾ പകർപ്പെടുത്ത് ചോർത്തിയത് മോഷണത്തിന് തുല്യമാണ്. രേഖകൾ ചോർന്നത് ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കും. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനും ഇത് ബാധകമാകുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
റഫാൽ കേസിൽ വീണ്ടും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അനുമതി തേടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് നാളെ പരിഗണിക്കുമ്പോൾ സത്യവാങ്മൂലം സമർപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കേന്ദ്രസർക്കാർ ഇന്നു തന്നെ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
നേരത്തേ റഫാൽ കേസിൽ പുനപരിശോധന ഹർജി പരിഗണിക്കവെ പ്രതിരോധ രേഖകൾ മോഷണം പോയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റഫാൽ ഇടപാടിലെ രഹസ്യ രേഖകൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞിരുന്നു. കെ കെ വേണുഗോപാലും ഹർജിക്കാർക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷനും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളായിരുന്നു കോടതിയിൽ നടന്നത്. കേന്ദ്രസർക്കാരിനെ കോടതിയും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here