മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന പൊലീസ് സമീപനം തെറ്റ്; സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വെടിവെച്ചു കൊല്ലുന്ന പൊലീസിന്‍റെ സമീപനം ശരിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍ദാസ് പറഞ്ഞു.
വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പില്‍ ഇതാദ്യമായാണ് മനുഷ്യാവകാശ കമ്മീഷൻ പ്രതികരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. മാവോയിസ്റ്റുകളെ കൊന്ന് ഇല്ലാതാക്കാമെന്ന സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും മാവോയിസ്റ്റുകളെ നേരിടേണ്ട രീതി ഇതെല്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മാവോയിസ്റ്റ് ഗ്രൂപ്പായ കബനീദളത്തിന്റെ അംഗം സി പി ജലീൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭക്ഷണവും പണവും ആവശ്യപ്പെട്ട് വൈത്തിരിയിലെ റിസോർട്ടിലെത്തിയ ജലീലിനും മറ്റൊരു മാവോയിസ്റ്റിനും നേരെ പൊലീസ് വെടിയുതിർത്തുകയായിരുന്നു. ജലീൽ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വ്യാജഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പട്ടതെന്നാരോപിച്ച് ജലീലിന്റെ ജേഷ്ഠനും മനുഷ്യാവകാശ പ്രവർത്തകനുമായ സി പി റഷീദ് രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here