കോട്ടയത്ത് ഇനി മാറ്റമില്ല;ജോസഫിനെതിരെ ശക്തമായ വികാരമുണ്ടായിരുന്നുവെന്ന് ജോസ് കെ മാണി

Jose K Mani

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് പി ജെ ജോസഫിനെതിരെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ശക്തമായ വികാരം ഉയര്‍ന്നുവന്നിരുന്നെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. ജനാധിപത്യപരമായ രീതിയിലാണ് കേരള കോണ്‍ഗ്രസ് കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മറ്റുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജോസ് കെ മാണി പറഞ്ഞു. തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് നിലപാടില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്താണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.

Read Also: തനിക്ക് നീതി കിട്ടിയില്ല; മാണിയോട് ഇനി യോജിച്ചു പോകാനാകില്ലെന്ന് പി ജെ ജോസഫ്

പി ജെ ജോസഫ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. യുഡിഎഫ് നേതൃത്വവുമായി നേതാക്കള്‍ക്ക് ചര്‍ച്ചകള്‍ നടത്താവുന്നതാണെന്നും എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ ഇനിയൊരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.അതേ സമയം കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനാവില്ലെന്ന് എന്‍.ജയരാജ് എം.എല്‍.എ നേരത്തെ പറഞ്ഞിരുന്നു. കെ.എം മാണിക്കായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ചുമതല. പാര്‍ട്ടി യോജിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കിയത്.പിളരില്ലെന്നും ജയരാജ് വ്യക്തമാക്കിയിരുന്നു.

Read Also: ജോസഫ് പാര്‍ട്ടി വിട്ടാല്‍ മുന്നണിയിലെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടിയേരി

അതേ സമയം കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും നീതി കിട്ടിയില്ലെന്നും അതിനാല്‍ തന്നെ ഇനി കെ എം മാണിയോട് യോജിച്ചു പോകാനാകില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് പി ജെ ജോസഫ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. അതേ സമയം യുഡിഎഫ് വിടില്ലെന്നും ജോസഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെടണമെന്നും ഇടുക്കി, കോട്ടയം സീറ്റുകള്‍ വെച്ചു മാറണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top