തനിക്ക് നീതി കിട്ടിയില്ല; മാണിയോട് ഇനി യോജിച്ചു പോകാനാകില്ലെന്ന് പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും നീതി കിട്ടിയില്ലെന്നും ഇനി കെ എം മാണിയോട് യോജിച്ചു പോകാനാകില്ലെന്നും പി ജെ ജോസഫ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജോസഫ് ഇക്കാര്യം അറിയിച്ചത്. അതേ സമയം യുഡിഎഫ് വിടില്ലെന്നും ജോസഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെടണമെന്നും ഇടുക്കി, കോട്ടയം സീറ്റുകള്‍ വെച്ചു മാറണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

Read Also: പിജെ ജോസഫ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു

പരിഹാരമുണ്ടായില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ പെടാതെ പിളര്‍പ്പിനുള്ള അവസരം ഉണ്ടാക്കി തരണമെന്നും ജോസഫ് ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. പി ജെ ജോസഫ് ആവശ്യപ്പെട്ട കാര്യങ്ങള്‍ മാണിയുമായി ചര്‍ച്ച ചെയ്യാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിട്ടുണ്ട്. കോട്ടയത്ത് യുഡിഎഫിന് പരാജയമുണ്ടായാല്‍ ഉത്തരവാദിത്വം തനിക്കല്ലെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതേ സമയം കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ജോസഫ് ശക്തമായി ഉന്നയിച്ചു. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം ഇടുക്കി സീറ്റ് തരണമെന്നും കോട്ടയത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമാണ് ജോസഫ് ഉന്നയിച്ചത്.

Read Also: ‘താൽപ്പര്യം അംഗീകരിക്കുമെന്ന് കരുതി, കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥി നിർണ്ണയം’ : അമർഷം പ്രകടിപ്പിച്ച് പിജെ ജോസഫ്

എന്നാല്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചിരിക്കുന്നതിനാല്‍ സീറ്റ് ആവശ്യപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അറിയിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി മത്സരത്തിനിറങ്ങിയാല്‍ മാണി വഴങ്ങുമെന്നും അങ്ങിനെയെങ്കില്‍ ഇടുക്കിയില്‍ കേരളകോണ്‍ഗ്രസില്‍ സര്‍വ്വസമ്മതനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നും ജോസഫ് പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കാന്‍ തയ്യാറായ പിജെ ജോസഫിനെ തള്ളി തോമസ് ചാഴികാടനെ സ്താനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി രൂക്ഷമായത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top