Advertisement

ജോസഫ് പാര്‍ട്ടി വിട്ടാല്‍ മുന്നണിയിലെടുക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടിയേരി

March 12, 2019
Google News 1 minute Read

പി ജെ ജോസഫ് കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്നാല്‍ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെ കൂടെ നാണം കെട്ട് ഇനിയും തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പി ജെ ജോസഫാണ്. പാര്‍ട്ടി വിട്ട് ജോസഫ് പുറത്തുവന്നാല്‍ മുന്നണിയിലെടുക്കുന്ന കാര്യം പരിഗണിക്കാം. മഴക്ക് മുന്നേ കുട പിടിക്കേണ്ട കാര്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Read Also: കേരളാ കോൺഗ്രസിലെ ഭിന്നത; പ്രശ്‌നം പരിഹരിക്കണ്ടത് കേരളാ കോൺഗ്രസെന്ന് ചെന്നിത്തല; ഇപ്പോൾ യുഡിഎഫ് ഇടപെടേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

പി.ജെ ജോസഫിനെ പോലെയൊരു മുതിര്‍ന്ന നേതാവിന് ആഗ്രഹിച്ച സീറ്റ് കൊടുക്കാത്തത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന് യാതൊരു വിലയുമില്ലെന്നാണ് തെളിയിക്കുന്നത്. ഇനിയും നാണം കെട്ട് പാര്‍ട്ടിയില്‍ തുടരണോയെന്ന് ജോസഫ് തീരുമാനിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച പി ജെ ജോസഫിന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

Read Also: കെഎം മാണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന് മോന്‍സ് ജോസഫ്

കോട്ടയത്ത് മത്സരിക്കാനുള്ള പി.ജെ ജോസഫിന്റെ തീരുമാനത്തെ തള്ളി തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇന്നലെ കേരള കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചിരുന്നു. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത അമര്‍ഷമുണ്ടെന്നുമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോട് പി ജെ ജോസഫ് പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചതിന് തൊട്ടു പിന്നാലെയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

അതേ സമയം കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണം. ജോസഫ് ഈ തീരുമാനം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നുമാണ് മാണി പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here