Advertisement

എന്തുകൊണ്ട് മലയാളികള്‍ ഈ ചലഞ്ച് ഏറ്റെടുക്കുന്നില്ല?

March 13, 2019
Google News 2 minutes Read

സമൂഹമാധ്യമങ്ങളിലെ ചലഞ്ചുകള്‍ എല്ലാം തന്നെ  വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. തരംഗമാകുന്ന അത്തരം ചലഞ്ചുകള്‍ ഓരോ ഇടവേളകള്‍ക്ക് ശേഷവും ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈറലാകാതെ പോകുന്ന ഒരു ചലഞ്ചാണ് സോഷ്യല്‍ മീഡിയ ചലഞ്ചുകളില്‍ ഏറ്റവും പുതിയത്.

നമ്മുടെ ചുറ്റുവട്ടത്ത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വൃത്തികേടായ ഏതെങ്കിലും ഒരു സ്ഥലം വൃത്തിയാക്കുക- ഇതാണ് സംഭവം. ആദ്യം അവിടെപ്പോയി മലിനമായി കിടക്കുന്നതിന്റെ ഫോട്ടോയെടുക്കണം. തുടര്‍ന്ന് വൃത്തിയാക്കിയ ശേഷവും ഫോട്ടോയെടുക്കണം.

Read More: ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്ന ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്

രണ്ട് ഫോട്ടോകളും ‘മുമ്പ്’, ‘ശേഷം’ എന്നീ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്യണം. #trashtag #ChallengeForChange എന്നീ ഹാഷ്ടാഗുകളാണ് പ്രധാനമായും ഉപയോഗിക്കേണ്ടത്.

2015ല്‍ ഒരു സ്വകാര്യ കമ്പനിയാണ് ആദ്യം ഈ ചലഞ്ച് കൊണ്ടുവരുന്നത്. എന്നാല്‍ അത് കാര്യമായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. വീണ്ടും അതേ ചലഞ്ച് ബൈറണ്‍ റോമ്ന്‍ എന്നയാളാണ് കഴിഞ്ഞയാഴ്ച ഫേസ്ബുക്കിലൂടെ കൊണ്ടുവന്നത്. ഇത് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടി. അലസരായി നടക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയൊരു ചലഞ്ച് എന്ന ആമുഖത്തോടെയാണ് ബൈറണ്‍ കുറിപ്പിട്ടത്. തുടര്‍ന്ന് നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്തു. ബൈറണ്‍ന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് മാത്രം 3 ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ ദിവസം ‘വീ ഡോണ്ട് ഡിസര്‍വ് ദിസ് പ്ലാനെറ്റ്’ എന്ന ഫെയ്സ്ബുക്ക് പേജും ചലഞ്ചിന് പ്രോത്സാഹിപ്പിച്ച് കുറിപ്പിട്ടു. ഇതും നിരവധി ചെറുപ്പക്കാരെ ആകര്‍ഷിച്ചിരുന്നു.

അതേസമയം, പല രാജ്യങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാരും ചലഞ്ച് ഏറ്റെടുത്ത് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളികള്‍ അത്ര സജീവമായി ഇത് ഏറ്റെടുത്തില്ല എന്നതാണ് കൗതുകം. സാധാരണഗതിയില്‍ സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍ വലിയ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നവര്‍ കൂടിയാണ് മലയാളികള്‍.

മലയാളികളായ പ്രമുഖരാരും തന്നെ ഈ ചലഞ്ച് ഏറ്റെടുത്തിട്ടില്ല. വളരെ ചുരുക്കം യുവാക്കള്‍ മാത്രം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന് ജനശ്രദ്ധയോ, അഭിനന്ദനങ്ങളോ, ഷെയറുകളോ ലഭിച്ചില്ല എന്നതാണ് ഖേദകരമായ വസ്തുത. സമൂഹത്തിന്‍റെ നന്മയ്ക്ക് ഉതകുന്ന ചലഞ്ചുകളാണ് യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here