കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി; ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് പി എസ് ശ്രീധരന്‍പിള്ള

കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ടോം വടക്കന്റെ ബിജെപി പ്രവേശനം അതിന്റെ തുടക്കം മാത്രമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം, ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ശ്രീധരന്‍പിള്ള പ്രതികരിച്ചില്ല.
ഇന്ന് ഉച്ചയോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്. അംഗത്വം സ്വീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനമാണ് ടോം വടക്കന്‍ ഉന്നയിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നല്‍കിയ തിരിച്ചടി ചോദ്യം ചെയ്ത കോണ്‍ഗ്രസ് നിലപാടിനെ ചോദ്യം ചെയ്തായിരുന്നു ടോം വടക്കനും പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിങും ബിജെപിയില്‍ ചേര്‍ന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here