വിമാനത്താവള സ്വകാര്യവത്കരണം; വഞ്ചനയ്ക്ക് കണക്കുപറയിക്കുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. വിമാനത്താവളം അദാനിക്ക് മോദി തീറെഴുതിയത് ചുളുവിലക്കാണെന്നും കച്ചവടത്തെ പിന്‍ താങ്ങിയത് യുഡിഎഫാണെന്നും തോമസ് ഐസക് ആരോപിച്ചു. വിഷയത്തില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിലപാട് എന്താണെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക് ചോദിക്കുന്നു. ഈ വഞ്ചനയ്ക്ക് തിരുവനന്തപുരത്തെ ജനങ്ങള്‍ കണക്കുപറയിപ്പിക്കുമെന്നും തോമസ് ഐസക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയമാണ്. മുന്നണികളുടെയും പാര്‍ടികളുടെയും നയവും നിലപാടുമാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിന്റെ പരമ്പരാഗത പ്രതാപമായ അന്താരാഷ്ട്ര വിമാനത്താവളം അദാനിയ്ക്ക് തീറെഴുതിയത് തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തിലാകെ ചര്‍ച്ചയാകണം. 30,000 കോടി ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം അദാനിയെ ഏല്‍പ്പിക്കാന്‍ മോദി തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്തിന്റെ എംപിയും അദ്ദേഹത്തിന്റെ പാര്‍ടിയും എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പൊള്ളിക്കുക തന്നെ ചെയ്യും.

പൊതുസമ്പത്ത് ഉപയോഗപ്പെടുത്തിയാണ് ഇതുപോലുള്ള അനേകം അടിസ്ഥാന സൗകര്യസംവിധാനങ്ങള്‍ വികസനിപ്പിച്ചത്. സൗജന്യമായി 635 ഏക്കര്‍ ഭൂമിയിലാണ് തിരുവനന്തപുരം വിമാനത്താവളം പടുത്തുയര്‍ത്തിയിരിക്കുന്നത്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് 2005-ല്‍ 23.57 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറിയപ്പോള്‍ നാം ഒരു നിബന്ധന വെച്ചിരുന്നു. ഏതെങ്കിലും കാരണവശാല്‍ വിമാനത്താവള അതോറിട്ടി ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യ പങ്കാളിത്തം ആലോചിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് 2003-ല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രേഖാമൂലം ഉറപ്പു നല്കികയിരുന്നു. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്.പി.വി) രൂപീകരിക്കുന്ന കാര്യവും അന്ന് സര്‍ക്കാരിനു ഉറപ്പു നല്‍കിയതായിരുന്നു. എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു.

ഇതൊരു പകല്‍ക്കൊള്ളയാണ്. കേരളജനതയെ പൊതുവെയും തിരുവനന്തപുരത്തുകാരെ പ്രത്യേകിച്ചും ചതിക്കുകയായിരുന്നു കേന്ദ്രം. തുച്ഛമായ തുക എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്കു നല്‍കി കൊള്ളലാഭം കരസ്ഥമാക്കാന്‍ അദാനിയ്ക്ക് ഒരു പൊതുസ്ഥാപനം കൂടി മോദി കൈമാറി. തിരുവനന്തപുരത്തെ കണ്ണായ നൂറു കണക്കിന് ഏക്കര്‍ ഭൂമി യഥേഷ്ടം ഉപയോഗിക്കാന്‍ അദാനിക്ക് കിട്ടി. ഡ്യൂട്ടി ഫ്രീ ഷോപ്പ്, ബിവറേജ്, വാഹനപാര്‍ക്കിംഗ് തുടങ്ങിയ ഇനങ്ങളില്‍ വര്‍ഷാവര്‍ഷം കോടികള്‍ ചുളുവില്‍ കിട്ടും. ഷോപ്പിംഗ് മാളുകളും, നക്ഷത്ര ഹോട്ടലുകളും നിര്‍മ്മിച്ച് ആയിരക്കണക്കിന് കോടി ഉണ്ടാക്കാന്‍ അദാനിക്ക് വേറെയും അവസരം.

മറ്റു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചപ്പോള്‍ പാലിച്ചിരുന്ന മാനദണ്ഡങ്ങളെല്ലാം ഇവിടെ അട്ടിമറിക്കപ്പെട്ടു. ഡല്‍ഹി – മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ റവന്യു ഷെയര്‍ ആയിരുന്നു മാനദണ്ഡം. എയര്‍പോര്‍ട്ടിന്റെ മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയ്ക്ക് നല്‍കണമെന്നാണ് ആ മാതൃക. വിമാനത്തവളത്തില്‍ ഒരു കോഫിഷോപ്പു തുടങ്ങണമെങ്കില്‍പ്പോലും രണ്ടു വര്‍ഷത്തെ പരിചയം വേണം എന്നാല്‍ വിമാനത്താവള നടത്തിപ്പിനു മുന്‍പരിചയം വേണ്ട എന്ന വിചിത്ര നിലപാട് ലേലത്തില്‍ സ്വീകരിച്ചത് അദാനിക്ക് വിമാനത്താവളം ഏല്‍പ്പിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു.

ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം ഏകപക്ഷീയമായി ലംഘിച്ച് മോദിയുടെ കോര്‍പറേറ്റ് സുഹൃത്തിന് കേരളത്തിന്റെ അഭിമാനമായ സ്ഥാപനം ചുളുവിലയ്ക്ക് കൈമാറ്റം ചെയ്തിരിക്കുന്നു. ഈ നയത്തോടും, അതു നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ധാര്‍ഷ്ട്യത്തോടെയുള്ള സമീപനത്തോടും എന്താണ് യുഡിഎഫിന്റെയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും സമീപനം?

ഈ ചോദ്യത്തില്‍ നിന്ന് അവര്‍ക്ക് ഒളിച്ചോടാനാവില്ല. തിരുവനന്തപുരത്തെ ജനങ്ങള്‍ ഉത്തരം പറയിപ്പിക്കുക തന്നെ ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top