യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗതാഗതകുരുക്ക്

യുഎഇയിലെ വിവിധ ഇടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് അനുഭവപെട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ പലയിടത്തും ചെറിയ വാഹനാപകടങ്ങളുണ്ടായി. പലയിടത്തും കനത്ത ഗതാഗത കുരുക്കും അനുഭവപ്പെട്ടു. യു എ ഇ യിലെ എല്ലാ എമിറേറ്റുകളിലും ഇന്ന് കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. കിഴക്കന്‍ എമിറേറ്റുകളിലാണ് മൂടല്‍ മഞ്ഞ് കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടത്. ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ദുബായില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നീ പ്രധാന റോഡുകളില്‍ ഇതേ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഈ റോഡുകളില്‍ ഒന്നിലേറെ അപകടങ്ങളുമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിശ്ചിത അകലം പാലിച്ച് പതുക്കെ വാഹനം ഓടിക്കണമെന്നും പൊലീസും ആര്‍ടിഎയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വെള്ളിയാഴ്ച രാജ്യത്ത് ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Loading...
Top