വയനാട്, ഇടുക്കി സീറ്റുകള്‍ക്കായി കോണ്‍ഗ്രസില്‍ തര്‍ക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്, ഇടുക്കി സീറ്റുകള്‍ക്കായി കോണ്‍ഗ്രസില്‍ തര്‍ക്കം. സീറ്റുകളില്‍ അവകാശവാദവുമായി എ ഐ ഗ്രൂപ്പുകളാണ് രംഗത്തുള്ളത്. വയനാടും ഇടുക്കിയും എ ഗ്രൂപ്പിന് നല്‍കാനാവില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. വയനാട്ടില്‍ കെ പി അബ്ദുള്‍ മജീദിന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ടു വച്ചത്. ഇടുക്കി സീറ്റിന്റെ കാര്യത്തിലും തര്‍ക്കം തുടരുകയാണ്. ഇടുക്കി സീറ്റില്‍ ഡീന്‍ കുര്യാക്കോസിനെ മത്സരിപ്പിക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍ ജോസഫ് വാഴക്കന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ചേരുകയാണ്. യോഗത്തിനു ശേഷം ഉച്ചയോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് നേതാക്കള്‍ അന്തിമസ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുന്നത്. അന്തിമപട്ടിക പ്രകാരം തൃശ്ശൂരില്‍ ടിഎന്‍ പ്രതാപനും എറണാകുളത്ത് ഹൈബി ഈഡനും ആലത്തൂരില്‍ രമ്യ ഹരിദാസും ചാലക്കുടിയില്‍ ബെന്നി ബെഹനാനും മത്സരിക്കുമെന്നാണ് സൂചന. ഇന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗത്തിനു ശേഷമേ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം ലഭിക്കുകയുള്ളൂ.മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നതായാണ് വിവരം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകം. മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച കെ സി വേണുഗോപാലിന്റെ കാര്യത്തിലും രാഹുല്‍ ഗാന്ധിയാണ് അന്തിമതീരുമാനമെടുക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top