പിജെ ജോസഫിനോട് നീതി നിഷേധം കാട്ടിയിട്ടില്ല : ജോസ് കെ മാണി

കേരളാ കോൺഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിർന്ന നേതാവാണ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫെന്ന് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. അദ്ദേഹത്തിനോട് പാർട്ടി ഒരു തരത്തിലുള്ള നീതിനിഷേധവും കാട്ടിയിട്ടില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വിത്യസ്ത സമീപനമുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റ് പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ പ്രവർത്തനം കേരളത്തിൽ ആകെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കണമെന്ന് പി.ജെ ജോസഫ് സാർ ഉൾപ്പെടുന്ന പാർലമെന്ററി പാർട്ടി യോഗം ഏകകണ്ഠമായി നിർബന്ധിക്കുകയായിരുന്നു.

Read Also : ‘എന്നെ മനഃപ്പൂർവ്വം മാറ്റി നിർത്തി; എനിക്കും ജോസ് കെ മാണിക്കും രണ്ടു നീതി’ : മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ ജോസഫ്

എന്നാൽ ലോക്‌സഭാ സീറ്റിന്റെ കാര്യത്തിൽ പല പേരുകളും പാർട്ടിയ്ക്ക് മുമ്പായി വന്നിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥിത്വം പി.ജെ ജോസഫ് സാർ ആവശ്യപ്പെട്ടപ്പോൾ തന്നെ അവിടെ ഏക അഭിപ്രായം രൂപപ്പെടാത്തതുകൊണ്ടാണ് സ്റ്റിയറിംഗ് കമ്മറ്റിയിലേക്ക് പോകേണ്ടിവന്നത്. സ്റ്റിയറിംഗ് കമ്മറ്റിയിൽ വിത്യസ്ത പേരുകൾ ഉയർന്നുവന്ന സാഹചര്യം ചെയർമാൻ വിശദീകരിച്ചു. പാർട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തി ഒരു തീരുമാനം എടുക്കുന്നതിനാണ്് സ്റ്റിയറിംഗ് കമ്മറ്റിയോഗം ചെയർമാനെ ചുമലതപ്പെടുത്തിയത്.

കോട്ടയം സീറ്റിനോടൊപ്പം ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം എന്നതായിരുന്നു കേരളാ കോൺഗ്രസ്സിന്റെ നിലപാട്. എന്നാൽ കേരളാ കോൺഗ്രസ്സിന്റെ ഹൃദയമായ കോട്ടയം സീറ്റ് ഒരിക്കലും ഏതെങ്കിലും സീറ്റുമായി വച്ചുമാറുന്നതിന് കഴിയുമായിരുന്നില്ല.

ഏറ്റവും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ്സ്. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം നാൾ ഇതുവരെ പാലിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top