‘എന്നെ മനഃപ്പൂർവ്വം മാറ്റി നിർത്തി; എനിക്കും ജോസ് കെ മാണിക്കും രണ്ടു നീതി’ : മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പിജെ ജോസഫ്

കോട്ടയത്ത് സീറ്റ് നൽകാതെ തന്നെ മനഃപ്പൂർവ്വം മാറ്റി നിർത്തുകയാണെന്ന് പിജെ ജോസഫ്. ഇടുക്കിയിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പിജെ ജോസഫ് ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനായി മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചിരുന്ന തന്നെ മാറ്റി തോമസ് ചാഴികാടന്റെ പേര് വന്നതെങ്ങനെയെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പിജെ ജോസഫ് പറഞ്ഞത് ഇങ്ങനെ : ‘കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്ന് ആവശ്യം കേരളാ കോൺഗ്രസ് ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കന്മാർ യുഡിഎഫ് യോഗത്തിൽ പറഞ്ഞു, രണ്ട് സീറ്റാണ് കേരളാ കോൺഗ്രസിന് മാറ്റിവെച്ചിരിക്കുന്നത്. കോൺഗ്രസിനവകാശപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയത് വഴി ഒരു സീറ്റായി. കോട്ടയം സീറ്റ് രണ്ടാമത്തെ സീറ്റ്. അപ്പൊഴേ ഇടുക്കി, കോട്ടയം, ചാലക്കുടി തുടങ്ങി ഏത് സീറ്റിലാണെങ്കിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ഞാൻ അറിയിച്ചിരുന്നു. പാർട്ടിയുടെ വർക്കിംഗ് ചെയർമാനെന്ന നിലയിൽ ഈ ആവശ്യം ഉന്നയിച്ചപ്പോൾ എളുപ്പത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.
Read Also : ഇടുക്കിയിൽ ജോസഫിന് സീറ്റ് നൽകിയാൽ സ്വാഗതം ചെയ്യും : ജോസ് കെ മാണി
ജോസ് കെ മാണിയെ രാജ്യസഭയിലേക്ക് നിശ്ചയിച്ചപ്പോൾ പാർട്ടിയുടെ പാർലമെന്ററി പാർട്ടികൂടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അതുപോലെ തന്നെ തീരുമാനെടുത്തത് മാണി സാറിന്റെ വീട്ടിൽ വെച്ചായിരുന്നു. പാർലമെന്ററി പാർട്ടിയിൽ ഞാൻ എന്റെ ആവശ്യം ഉന്നയിച്ചു, നടപ്പാക്കി തരണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ മറ്റൊരു പേരും അവിടെ ഉയർന്നുവന്നില്ലായിരുന്നു. ഈ നിർദ്ദേശം അന്നു ചേരുന്ന സ്റ്റിയറിങ്ങ് കമ്മിറ്റിയിൽ വെക്കുക പാർട്ടി ചെയർമാനെ ചുമതലപ്പെടുത്തുക. ജോസ് കെ മാണിയെ തെരഞ്ഞെടുത്ത രീതിയാണെങ്കിൽ പാർലമെന്ററി പാർട്ടികൊണ്ട് ആ ചർച്ച തീരേണ്ടതാണ് , വേറെ ചർച്ച ഉണ്ടാവില്ല. അതിനുപകരം മറ്റെന്തോ നീക്കങ്ങൾ നടത്തി പിറ്റേ ദിവസം ചെയർമാൻ കെഎം മാണി സർ വിളിച്ചുപറഞ്ഞു ഔസേപ്പച്ചന്റെ ആവശ്യം പരിഗണിക്കുന്നതിന് മുമ്പ് ഒരു തടസ്സം വന്നിട്ടുണ്ട്. പ്രാദേശിക നേതാക്കന്മാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന്. കോട്ടയത്ത് നിന്ന് റോഷി അഗസ്റ്റിൻ എംഎൽഎയായി വന്നിട്ടുണ്ട്. ഇടുക്കിയിൽ പിജെ കുര്യൻ, പാലാ കെഎം മാത്യു എന്നിവരും വന്നിട്ടുണ്ട്. അതുകൊണ്ട് അതൊരു തടസ്സമായി മാറില്ലല്ലോ എന്ന് പറഞ്ഞു. അന്ന് രാത്രി ഒമ്പതേകാൽ മണിക്ക് തീരുമാനമായി, തോമസ് ചാഴികാടന്റെ പേര് മാണി എഴുതി നൽകുകയായിരുന്നു. അതുകൊണ്ട് തന്നെ എന്നെ മനഃപ്പൂർവ്വമായി മാറ്റിനിർത്തുന്നതിനായുള്ള നടപടിയായിരുന്നു ഇത്.’ ജോസഫ് പറയുന്നു. ഈ പ്രശ്‌നം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പിജെ ജോസഫ് പറഞ്ഞു.
കോട്ടയത്തിന് പകരം ഇടുക്കിയിൽ കേരളാ കോൺഗ്രസിന് സീറ്റ് നൽകാനും കോൺഗ്രസ് കോട്ടയം സീറ്റ് എടുക്കുമെന്നും നേതൃത്വം അറിയിച്ചു. ഇത് സംബന്ധിച്ച ചർച്ചയ്ക്ക് മാണിയെ വിളിച്ചിരുന്നുവെങ്കിലും മാണി ചർച്ചയ്ക്ക് തയ്യാറായില്ല. ഇടുക്കിയിൽ സ്ഥാനാർത്ഥിയായി തീരുമാനച്ചിനവർ വിജയസാധ്യതയുള്ളവരല്ല. ഉമ്മൻ ചാണ്ടി മത്സരിക്കുന്നില്ലെങ്കിൽ പിജെ ജോസഫിന് ഇടുക്കിയിൽ മത്സരിക്കാമെന്ന് മോൻസ് ജോസഫ് നിർദ്ദേശിച്ചു. ഇത് ഗൗരവമായി പരിഗണിക്കാമെന്ന് നേതൃത്വം പറഞ്ഞു. ആ ചർച്ച ഒരു ദിവസം കൂടി നീണ്ടുനിന്നു. സ്ഥാനാർത്ഥിയാകുന്നതിന് കുറച്ച് നിബന്ധനകളും മുന്നോട്ടുവെച്ചു. എന്നാൽ അതിന് തയ്യാറായിരുന്നില്ല താനെന്ന് പിജെ ജോസഫ് പറയുന്നു. കേരളാ കോൺഗ്രസ് വിട്ട് ഒരുകാര്യത്തിനും തനിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞു. ഒരു എംപി ആകാൻ വേണ്ടി പാർട്ടിയെ വിട്ട് കളിക്കാൻ താൻ തയ്യാറല്ലെന്നും പിജെ ജോസഫ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here